ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം കോടതിയില്‍ ഹാജരാക്കി ; ഹര്‍ജികളില്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ആരംഭിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്ന് കോടതിയില്‍ ഹാജരാക്കി. റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ഹൈക്കോടതിയില്‍ ആരംഭിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഹാജരാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‌റെ പ്രത്യേക സിറ്റിങ്ങാണ് നടക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യണം, സിബിഐ അന്വേഷണത്തിന് വിടണം, റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണം, പേരുകള്‍ പുറത്തുവിടരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജികളാണ് പ്രത്യേക സിറ്റിങ്ങില്‍ പരിഗണിക്കുന്നത്.നേരത്തേ, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ ‘പ്രതിരോധത്തിലാക്കി’ ഹൈക്കോടതി ഇടപെടല്‍ നടത്തിയിരുന്നു. കമ്മിഷന്റെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ പരാതികള്‍ ഇല്ലാതെ തന്നെ സ്വമേധയാ കേസ് എടുക്കാവുന്നതാണല്ലോയെന്നും പറഞ്ഞ ഹൈക്കോടതി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനു പുറമേ ഹര്‍ജിയില്‍ വനിതാ കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസായിരുന്നു ഹര്‍ജിക്കാരന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് അത് ‘കോണ്‍ഫിഡന്‍ഷ്യല്‍’ ആണെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്.

എന്നാല്‍ സമൂഹത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിതെന്നു ചൂണ്ടിക്കാട്ടി അതിനോട് വിയോജിച്ച ബെഞ്ച് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പടെ മുദ്രവച്ച കവറില്‍ സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

Be the first to comment

Leave a Reply

Your email address will not be published.


*