2022-23 സാമ്പത്തിക വര്‍ഷം; ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഇന്ത്യയിലെ വിവിധ പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ വായ്പകളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീമമായ തുക ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാങ്കിങ് മേഖലയുടെ മൊത്തം വായ്പ എഴുതിത്തള്ളൽ 10.57 ലക്ഷം കോടി രൂപയായി. ദി ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള മറുപടിയിലാണ് ആര്‍ബിഐ കണക്കുകള്‍.

2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1,74,966 കോടി രൂപയായിരുന്നു കിട്ടാക്കടം എന്ന നിലയില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. 2021ൽ 2,02,781 കോടി രൂപയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, ഭീമമായ വായ്പ എഴുതിത്തള്ളൽ കുടിശ്ശിക വരുത്തിയ മൊത്ത വായ്പകൾ 10 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.9 ശതമാനത്തിലേക്ക് കുറയ്ക്കുന്നതിന് സഹായിച്ചതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

വായ്പ എഴുതിത്തള്ളലിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി നിന്ന് 2023 മാർച്ചോടെ 5.55 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2018 ൽ10.21 ലക്ഷം കോടി രൂപയായിരുന്നതാണ് പകുതിയോളം ചുരുങ്ങിയത്. 2012-13 സാമ്പത്തിക വർഷം മുതൽ ഇതുവരെ 15,31,453 കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളിയതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ ബാങ്കുകൾ എഴുതിത്തള്ളുന്ന വായ്പകൾ തിരിച്ചടയ്ക്കപ്പെടാത്ത വായ്പകളായാണ് കണക്കാക്കുക. എന്നാൽ എഴുതിത്തള്ളിയ വായ്പകളിൽ നിന്ന് വളരെ കുറച്ച് മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചതെന്നും ആർബിഐ മറുപടിയിൽ പറയുന്നു. 2021 സാമ്പത്തിക വർഷത്തിൽ 30,104 കോടി രൂപയും 2022 സാമ്പത്തിക വർഷത്തിൽ 33,534 കോടി രൂപയും 2023 സാമ്പത്തിക വർഷത്തിൽ 45,548 കോടി രൂപയും മാത്രമാണ് വീണ്ടെടുക്കാനായത്.

വായ്പയെടുത്തയാൾ അത് തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ബാങ്ക് വായ്പ എഴുതിത്തള്ളുക. ഇങ്ങനെ ചെയ്യുന്നതോടെ വായ്പ ബാങ്കിന്റെ അസറ്റ് ബുക്കിൽ നിന്ന് ഒഴിവാക്കപ്പെടും. ഇത്തരത്തിൽ എഴുതിത്തള്ളുന്ന വായ്പകൾ വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ വാർഷിക കണക്കുകൾ തിട്ടപ്പെടുത്താനായി ബാങ്കുകൾ നടത്തുന്ന പതിവ് രീതിയാണിതെന്നും ആർബിഐ വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*