ജി20 മോദിയുടെ നേട്ടം; തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ബിജെപി

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയെ പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങി ബിജെപി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലായിരിക്കും പ്രധാന പ്രചാരണ വിഷയമായി ജി20 ഉയർത്തുക. മോദിയുടെ നേതൃത്വത്തിന്റെ ഫലമായാണ് ഉച്ചകോടി വിജയകരമായി പൂർത്തീകരിക്കാനായതെന്നാണ് ബിജെപി അവകാശവാദം.

രാജ്യാന്തര തലത്തിൽ ഇന്ത്യയെ അവതരിപ്പിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ പരാമർശിച്ചിരുന്നു. ഉക്രെയ്‌ൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവും സമഗ്രവുമായ വളർച്ച തുടങ്ങിയ നിർണായക വിഷയങ്ങളിൽ സമവായത്തിൽ ഉച്ചകോടി അവസാനിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു. ഉച്ചകോടിയുടെ ഫലങ്ങളും പ്രധാന ചർച്ചകളും വരും ദിവസങ്ങളിൽ വൻതോതിൽ പരസ്യമാക്കപ്പെടുമെന്നും വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി പാർട്ടിയുടെ നേട്ടമായി ഇത് ഉയർത്തിക്കൊണ്ടു വരുമെന്നാണ് വിവരം.

റഷ്യ-ഉക്രെയ്ൻ യുദ്ധം പോലുള്ള വിഷയങ്ങളിൽ പോലും ലോകനേതാക്കളെ ഒരു വേദിയിൽ ഒന്നിച്ചു ചേർത്ത് സമവായം രൂപീകരിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് ബിജെപി വാദം. മോദിയുടെ നേതൃത്വത്തിന്റെ സ്വീകാര്യതയാണ് ഇതെന്നും ബിജെപി പറയുന്നു. ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കുന്ന മോദിയെ ഇകഴ്ത്തുന്ന തരത്തിൽ പ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷത്തെ ആക്രമിക്കാൻ ജി20 ഉപയോ​ഗിക്കാനും ബിജെപിക്ക് പദ്ധതിയുണ്ടെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*