ജി20 ഉച്ചകോടി: ബൈഡന് സഞ്ചരിക്കാൻ ‘ബീസ്‌റ്റ്’ എത്തും; ഒരുങ്ങുന്നത് ത്രിതല സുരക്ഷ

ഡൽഹിയിൽ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യലെത്തുകയാണ്. സെപ്റ്റംബർ ഏഴിനാണ് ബൈഡൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുങ്ങുന്നത്. ഡൽഹി സന്ദർശനവേളയിൽ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ യുഎസ് പ്രസിഡൻഷ്യൽ കാഡിലാക്കായ ‘ദി ബീസ്‌റ്റിൽ’ ആയിരിക്കും ബൈഡൻ യാത്ര ചെയ്യുക.

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമാണ് ‘ദി ബീസ്‌റ്റ്’. ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ബൈഡൻ പങ്കെടുക്കുമ്പോൾ ബീസ്‌റ്റും ഒപ്പമുണ്ടാകും. വാഹനത്തെ യുഎസിൽ നിന്ന് സൈനിക ഗതാഗത വിമാനമായ ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്റർ IIIൽ ഇന്ത്യയിലെത്തിക്കും. ലോകത്തിലെ ഏറ്റവും ശക്തവും സുരക്ഷിതവുമാണെന്ന് അറിയപ്പെടുന്ന ഈ ബുള്ളറ്റ് പ്രൂഫ് കാർ ഏത് സമയത്തും യുണൈറ്റഡ് സ്‌റ്റേറ്റ്സ് സീക്രട്ട് സർവീസിന്റെ കാവലിലായിരിക്കും.

Beast

ജോ ബൈഡന്റെ ഡൽഹി സന്ദർശനത്തിന് ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുറത്തായി അർദ്ധസൈനിക സേനാംഗങ്ങൾ ഉണ്ടായിരിക്കും, രണ്ടാമത്തെ ഘട്ടത്തിൽ ഇന്ത്യയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ നിന്നുള്ള കമാൻഡോകളും, ഏറ്റവും അകത്തെ സർക്കിളിൽ രഹസ്യ സേവന ഏജന്റുമാരുമാണുണ്ടാവുക.

ബൈഡനും മറ്റ് യുഎസ് പ്രതിനിധികളും ഐടിസി മൗര്യ ഷെറാട്ടൺ ഹോട്ടലിലാണ് താമസിക്കുക. ഇവിടെയുള്ള ജീവനക്കാർ കൃത്യമായ പരിശോധനയ്ക്ക് വിധേയരാകും, കൂടാതെ ജോ ബൈഡൻ താമസിക്കുന്ന 14-ാം നില സന്ദർശിക്കുന്നവർക്ക് പ്രത്യേക ആക്‌സസ് കാർഡുകളും നൽകും. താഴെയെത്താൻ പ്രത്യേക ലിഫ്റ്റ് സ്ഥാപിക്കും. ഈ ഹോട്ടലിൽ നാനൂറോളം മുറികളാണ് ബുക്ക് ചെയ്‌തിരിക്കുന്നത്‌.

എയർഫോഴ്‌സിന്റെയും ഇന്ത്യൻ ആർമിയുടെയും ഹെലികോപ്റ്ററുകൾ ഡൽഹിയിൽ കണ്ണുനട്ട് ആകാശത്ത് തുടർച്ചയായി വട്ടമിടും. ഈ ഹെലികോപ്റ്ററുകളിൽ ആർമി, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്‌ജി) കമാൻഡോകൾ ഉണ്ടാകും.

വിവിധ ഇടങ്ങളിൽ ആന്റി ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിക്കും. ഡൽഹിയിലെ ബഹുനില കെട്ടിടങ്ങളിൽ എൻഎസ്‌ജിയെയും ആർമി സ്‌നൈപ്പർമാരെയും വിന്യസിക്കും. വിവിധ രാജ്യങ്ങളിലെ അഡ്വാൻസ് ടീമുകളുമായി ഏകോപിപ്പിച്ച് അവരുടെ സുരക്ഷാ ആവശ്യകതകളും ആശങ്കകളും കണക്കിലെടുത്തുമാണ് ഡൽഹി പോലീസ് പ്രവർത്തിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*