ഗബ്രിയേല്‍ അറ്റല്‍ ഇനി ഫ്രാന്‍സിന്റെ നായകന്‍; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഫ്രാന്‍സിന്റെ അടുത്ത പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 34കാരനായ ഗബ്രിയേല്‍ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ലോറന്റ് ഫാബിയസായിരുന്നു ഇതിന് മുന്‍പ് ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 1984ല്‍ 37-ാം വയസിലായിരുന്നു ലോറന്റിനെ ഫ്രാങ്കോയിസ് മിറ്ററാന്‍ഡ് പ്രധാനമന്ത്രിയായി നിയമിച്ചത്. സ്വവർഗാനുരാഗിയായ ഫ്രാന്‍സിന്റെ ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഗബ്രിയേല്‍.

കേവലം 20 മാസം മാത്രം സേവനം അനുഷ്ഠിച്ച് രാജിവെച്ച എലിസമെബത്ത് ബോണിന്റെ പകരക്കാരായാണ് അറ്റലെത്തുന്നത്. നിലവില്‍ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ഗബ്രിയേല്‍. യൂറോപ്യന്‍ പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഫ്രഞ്ച് സർക്കാരിനെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഗബ്രിയേലിന്റെ ചുമലിലുള്ളത്. 10 വർഷം മുന്‍പ് ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേഷ്ഠാവ് മാത്രമായിരുന്ന ഗബ്രിയേലിന്റെ വളർച്ച അതിവേഗമായിരുന്നു.

നിരവധി മുതിർന്ന നേതാക്കളെ പിന്തള്ളിയാണ് ഗബ്രിയേലിന്റെ അപ്രതീക്ഷിത വരവ്. 2020 മുതലാണ് ഗബ്രിയേല്‍ സർക്കാരിന്റെ വക്താവിന്റെ പരിവേഷത്തിലേക്ക് എത്തിയതും ജനശ്രദ്ധ നേടിയെടുത്തതും.

Be the first to comment

Leave a Reply

Your email address will not be published.


*