മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആറ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് റെയിൽവെ സംരക്ഷണ സേനയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടിച്ചെടുത്തു. ആകെ 12.49 കിലോഗ്രാം കഞ്ചാവാണ് ഇങ്ങനെ റെയിൽവെ സ്റ്റേഷനിൽ ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് പൊതികൾ ഇവിടെ എത്തിച്ചയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു
തിരൂർ റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിന് അടിയിലാണ് ആറ് പൊതികൾ കണ്ടെത്തിയത്. മലപ്പുറം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും തിരൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇതിനകത്ത് 12.49 കിലോഗ്രാം കഞ്ചാവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ വഹാബ്,സിവിൽ എക്സൈസ് ഓഫീസർ ഹരീഷ് ബാബു, വുമൺ സിവിൽ എക്സൈസ് ഓഫീസർ രൂപീക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവരാണ് കഞ്ചാവ് പിടിച്ചെടുത്തത്.
Be the first to comment