മാലിന്യം റോഡരികില്‍ തള്ളി; സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂട്ടറില്‍ വച്ചിരുന്ന മാലിന്യ പാക്കറ്റ് റോഡരികില്‍ ഉപേക്ഷിച്ച സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. സംഭവത്തില്‍ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗവും സിപിഐഎം നേതാവുമായ പി എസ് സുധാകരനാണ് റോഡരികില്‍ മാലിന്യം തള്ളിയത്.

ഇയാള്‍ വഴിയരികിലേക്കു മാലിന്യം തട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രഹ്‌മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് സുധാകരന്റെ വിഷയവും പരാമര്‍ശിച്ചത്.

സുധാകരന്‍ മാലിന്യം തട്ടുന്ന ദൃശ്യം സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം അറവുമാലിന്യങ്ങള്‍ പഞ്ചായത്തില്‍ തള്ളിയവര്‍ക്കെതിരെ സുധാകരന്‍ പ്രതികരിച്ചതോടെ മാലിന്യം തൊഴിച്ച് തള്ളിയ ദൃശ്യം ‘ഫുട്‌ബോള്‍’ വിഡിയോ കമന്ററി രൂപത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, വണ്ടി ഓടിച്ച് സ്പീഡില്‍ പോകുമ്പോള്‍ താഴെപ്പോകാന്‍ ശ്രമിച്ച പായ്ക്കറ്റ് കാലുകൊണ്ടു പൊക്കി നേരെ വയ്ക്കാന്‍ ശ്രമിക്കുന്ന രംഗമാണു തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നത് എന്ന് സുധാകരന്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍, മാലിന്യം കാലു കൊണ്ടു തട്ടി റോഡരികില്‍ തള്ളുന്ന രംഗങ്ങള്‍ സഹിതം പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കി. പ്രതിഷേധം ശക്തമായതോടെ 1,000 രൂപ പിഴയടച്ചു തലയൂരി. പഞ്ചായത്തില്‍ മാലിന്യം തള്ളുന്നതിനു 10,000 രൂപയാണു പിഴയെങ്കിലും ചെറിയ തുക പിഴയടപ്പിച്ച വിഷയത്തിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സുധാകരനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോണ്‍ഗ്രസ് പരാതിയും നല്‍കിയിരുന്നു.

ഇതിനിടെ, ബ്രഹ്‌മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുധാകരന്‍ മാലിന്യം തട്ടുന്ന വിഷയവും കോടതി പരാമര്‍ശിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ വ്യക്തികള്‍ക്കും പങ്കുവഹിക്കാനുണ്ടെന്നും അഭിപ്രായപ്പെട്ടു. റെയില്‍വേ ട്രാക്കുകളില്‍ ഉള്‍പ്പെടെ പലയിടത്തും മാലിന്യ കൂമ്പാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, മാലിന്യനീക്കത്തിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നറിയിക്കാന്‍ റെയില്‍വേക്കും നിര്‍ദേശം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*