കൊച്ചിയിലെ മാലിന്യ നീക്കം സ്മാർട്ട് ട്രക്കുകളിലേക്ക്

filed pic

കൊച്ചി: നഗരം മുഴുവൻ നാറ്റിച്ചുള്ള കൊച്ചി നഗരസഭയുടെ മാലിന്യ നീക്കത്തിൽ പ്രതിഷേധിച്ച് മാലിന്യ ലോറികൾ തടഞ്ഞ് പ്രതിഷേധിച്ചത് രണ്ടു ദിവസം മുൻപാണ്. രാവിലെ നടക്കാനിറങ്ങുന്നവരും ഓഫിസിലേക്കും സ്‌കൂളുകളിലേക്കും പോകാൻ ഇറങ്ങുന്നവരും അസഹനീയമായ ദുർഗന്ധം മൂലം പൊറുതി മുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ ദുരിതത്തിന് ആശ്വാസമാവുകയാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) സമർപ്പിച്ച നിർദേശം. തുറന്ന വാഹനങ്ങളിലുള്ള മാലിന്യ നീക്കം അവസാനിപ്പിക്കാൻ സ്മാർട്ട് ട്രക്കുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയാണ് സിഎസ്എംഎൽ തയാറാക്കിയിരിക്കുന്നത്.

ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കത്തിന്‍റെ ചുമതല സിഎസ്എംഎൽ ഏറ്റെടുക്കുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി 15 റെഫ്യൂസ്‌ കോംപാക്റ്റർ ട്രക്കുകൾക്ക് സിഎസ്എംഎൽ ഓർഡർ നൽകിക്കഴിഞ്ഞു. ഇന്ധനം, ട്രക്ക് അറ്റകുറ്റപ്പണി, ഡ്രൈവർമാരുടെ വിന്യാസം തുടങ്ങി എല്ലാ ചെലവുകളും സിഎസ്എംഎൽ വഹിക്കും. ഇതോടെ കൊച്ചി നഗരസഭയ്ക്ക് പ്രതിവർഷം കോടിക്കണക്കിനു രൂപ ലാഭിക്കാനുമാകും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന നഗരസഭയ്ക്ക് ഏറെ ആശ്വാസകരമാകും സിഎസ്എംഎൽ തീരുമാനം.

കൊച്ചി നഗരസഭയ്ക്ക് നിലയിൽ 14 റെഫ്യൂസ്‌ കോംപാക്റ്റർ ട്രക്കുകൾ ഉണ്ടെങ്കിലും ഇതിൽ മൂന്നെണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റുളവയ്ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ നഗരസഭയ്ക്കു പോലും വ്യക്തതയില്ല. നഗരസഭയ്ക്ക് സാദാ ട്രക്കുകൾ ഉണ്ടെങ്കിലും അവയും നിലവിൽ ഉപയോഗിക്കുന്നില്ല. പലതും വാർഷിക അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ പറയുന്നത്.

ട്രക്കുകളുടെ ദൗർലഭ്യം നഗരസഭയുടെ മാലിന്യ നീക്കത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. നിലവിൽ നഗരസഭയുടെ പന്ത്രണ്ടോളം ട്രക്കുകൾ ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു. 27 ട്രക്കുകൾ ദിവസവാടകയ്ക്കെടുത്താണ് നഗരസഭ ഇപ്പോൾ മാലിന്യ നീക്കം നടത്തിവരുന്നത്. ഇതിനു മാത്രം പ്രതിമാസം മുപ്പത് ലക്ഷം രൂപ ചെലവുണ്ട്. സാധാരണ ട്രാക്കിൽ ഉൾക്കൊള്ളുന്നതിന്‍റെ ഇരട്ടി മാലിന്യം റെഫ്യൂസ്‌ കോംപാക്റ്റർ ട്രക്കുകൾക്ക് ഉൾക്കൊളളാനാകും.

Be the first to comment

Leave a Reply

Your email address will not be published.


*