സാധാരണക്കാരുടെ എസി കോച്ച് ട്രെയിൻ എന്ന് അറിയപ്പെടുന്ന ഗരീബ് രഥ് എസി എക്സ്പ്രസ് ട്രെയിനുകൾ രാജ്യമാകെ ഘട്ടംഘട്ടമായി ചുവപ്പണിയും. ട്രെയിനിന്റെ പച്ച ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകൾമാറ്റി പകരം ചുവപ്പ് എൽഎച്ച്ബി (ലിങ്ക് ഹോബ്‌സ്‌മാൻ ബുഷ്) ത്രീ ടയർ എസി ഇക്കണോമി ക്ലാസ് കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കേരളം വഴി സർവീസ് നടത്തുന്ന 12257/58 യശ്വന്ത്പുർ– കൊച്ചുവേളി എക്സ്പ്രസിൽ പൂർണമായും ചുവപ്പ് എൽഎച്ച്ബി കോച്ചുകളായി. രണ്ട് ട്രെയിനിലും 18 എൽഎച്ച്ബി എസി കോച്ചുകൾ വീതമാണുള്ളത്. ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
കൊച്ചുവേളിയിൽനിന്ന് ലോകമാന്യ തിലക് ടെർമിനലിലേക്കും തിരികെയും മറ്റൊരു ഗരീബ് രഥ് ട്രെയിനും ഓടുന്നുണ്ട്. ഇതിൽ കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിനിൽ 23 മുതലും തിരികെയുള്ള സർവീസിൽ 24 മുതലും എൽഎച്ച്ബി എസി കോച്ചുകൾ ഏർപ്പെടുത്തും. ഇവയിൽ 23 കോച്ച് വീതം ഉണ്ടാകും.
ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഗരീബ് രഥ് കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ മാസങ്ങൾക്കു മുമ്പ് പൂർത്തിയായിരുന്നു. വിവിധ റെയിൽവേ സോണുകളിൽ സർവീസ് നടത്തുന്ന ഗരീബ് രഥ് ട്രെയിനുകളിൽ എൽഎച്ച്ബി എസി കോച്ചുകൾ ഘട്ടംഘട്ടമായി ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായി കൂടുതൽ എൽഎച്ച്ബി കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ 100 കോച്ചാണ് നിർമിച്ചത്. കൂടുതൽ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നു. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ദീർഘദൂര എസി യാത്ര ലക്ഷ്യമാക്കി 2005- ലാണ് ഗരീബ് രഥ് ട്രെയിനുകൾ ആരംഭിച്ചത്. ഇത് വൻ വിജയവുമായിരുന്നു.
Be the first to comment