ഗവി ടൂറിസം പാക്കേജിന് തുടക്കമായി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി. പക്ഷെ യാത്രയും താമസവുമെല്ലാം സാധാരണക്കാർക്ക് പലപ്പോഴും മനോഹരമായ ഗവി ഒരു സ്വപ്നമാകുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു.

ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ദിവസവും മൂന്ന് കെഎസ്ആർടിസി ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും. നാല്പതോളം പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യങ്ങള്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഒരുക്കും.

പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.

നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഈ സർവീസിന് മാറ്റമില്ല.

 

Be the first to comment

Leave a Reply

Your email address will not be published.


*