ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു; സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍

ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ വീണ്ടും ആക്രമണ ഭീതി. ഗാസയ്ക്ക് മേല്‍ ഹമാസിന് എതിരെ നടത്തിവന്നിരുന്ന സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ നടപടി. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ പതിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നടപടി.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള സമയപരിധി ഇന്നത്തോട് കുടി അവസാനിച്ചിരുന്നു. നാല് ദിവസത്തേയ്ക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്നീട് ഏഴ് ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു. ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ മൂന്ന് തവണയായി നീട്ടിയത്. എന്നാല്‍ വെടി നിര്‍ത്തല്‍ നീട്ടുന്നതിനെ കുറിച്ച് ഇന്ന് അമേരിക്ക, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരകണം ഒന്നും പുറത്തുവന്നിട്ടില്ല.

വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 110 പേരെ മോചിപ്പിച്ചിരുന്നു. ഇസ്രയേല്‍ 240 പേരെയാണ് ഇക്കാലയളവില്‍ മോചിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേല്‍ മേഖലയിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 14,800 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പലസ്തീന്‍ അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം. ഇതില്‍ ആറായിരത്തോളം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*