
ഗാസയില്‍ വെടിനിർത്താനുള്ള കരാർ ഹമാസ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരാന്‍ ഇസ്രയേല്‍. വ്യവസ്ഥകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതല്ലെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ. കരാറില്‍ ചർച്ച തുടരാനുള്ള ശ്രമങ്ങള്‍ നടക്കാനിരിക്കെയാണ് റഫായില്‍ സൈനിക നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് റഫാ. 14 ലക്ഷത്തോളം അഭയാർഥികളാണ് റഫായിലുള്ളത്. ഖത്തറി-ഈജിപ്ഷ്യന്‍ മധ്യസ്ഥർ മുന്നോട്ടുവെച്ച വെടിനിർത്തല്‍ കരാർ അംഗീകരിക്കുന്നതായി പ്രസ്താവനയിലൂടെയാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ സ്ഥിരീകരിച്ചത്.
ഇസ്രയേലിന്റെ നിലപാട് പ്രതികൂലമായതോടെ ഇരുവിഭാഗങ്ങളുമായിട്ടുള്ള നേരിട്ടുള്ള ചർച്ചയ്ക്ക് പ്രതിനിധി സംഘം കെയ്റോയിലേക്ക് തിരിക്കുമെന്ന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഫായിലെ സൈനിക ഓപ്പറേഷന്‍ തുടരുന്നതിന് വാർ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. റഫാ ആക്രമിക്കുന്നതിലൂടെ വെടിനിർത്തല്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഇസ്രയേല്‍ കൂടുതല്‍ അപകടത്തിലാക്കുകയാണെന്ന് ജോർദാന്റെ വിദേശകാര്യ മന്ത്രി അയ്‌മാന്‍ സഫാദി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.
ഹമാസ് അംഗീകരിച്ച കരാർ ഒരു ഈജീപ്ഷ്യന്‍ പതിപ്പാണെന്നും തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരും മണിക്കൂറുകളില്‍ ഹമാസിന്റെ നിലപാട് സഖ്യകക്ഷികളുമായി ചർച്ച ചെയ്യുമെന്നും ഒരു സമവായത്തിലെത്താന്‍ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതിനോടകം തന്നെ 34,600 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
റഫായിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഇന്നലെ ഉത്തരവിട്ടിരുന്നു. റഫായിൽ ഇസ്രയേൽ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പെന്നാണ് വിലയിരുത്തല്‍. സമീപ ഭാവിയിൽ റഫായിൽ തീവ്രമായ നടപടികൾ ഉണ്ടാകുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടി.
റഫായിൽ എട്ട് കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഇസ്രയേൽ ബോംബാക്രമണം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കരേം അബു സലേം ക്രോസിങ്ങിന് നേരെ നടന്ന ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു.
Be the first to comment