
ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിനുള്ള നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജിൻസ് മേധാവികളുമായി നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്. 135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഹാമസിന്റേത്. ഇത് നിരസിച്ചതോടെ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള നീക്കത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്.
ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിന് മേൽ സമ്പൂർണ വിജയം നേടുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് നെതന്യാഹുവിന്റെ വാദം. ഈജിപ്തിൽനിന്ന് സഹായമെത്തുന്ന തെക്കൻ ഗാസയിലെ അതിർത്തി ഉൾപ്പെടുന്ന റഫാ അതിർത്തിയിൽ ആക്രമണം ആരംഭിക്കാൻ ഇസ്രയേലി സൈന്യത്തിന് നിർദേശം കൊടുത്തതായും വ്യാഴാഴ്ച നെതന്യാഹു പറഞ്ഞു. ഗാസയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് കുടിയൊഴിഞ്ഞെത്തിയ ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് റഫാ.
അമേരിക്കയുടെ സമാധാന ശ്രമങ്ങളെയും അതിന്റെ ഭാഗമായുള്ള സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ യാത്രയേയുമെല്ലാം നിരർത്ഥകമാക്കുന്ന നിലപാടാണ് നെതന്യാഹു വീണ്ടും സ്വീകരിക്കുന്നത്. ജയം അരികെയുണ്ടെന്നും ഹമാസിനെ പരാജയപ്പെടുത്താൻ കുറച്ച് മാസങ്ങൾ കൂടി പോരാട്ടം തുടരേണ്ടി വരുമെന്നും നെതന്യാഹു ആവർത്തിച്ചു. ഒക്ടോബർ ഏഴിന് ശേഷം ആന്റണി ബ്ലിങ്കൻ മേഖലയിലേക്ക് നടത്തുന്ന അഞ്ചാം സന്ദർശനമാണിത്. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് തന്നെയാണ് ഹമാസിന്റെ നിർദേശം നിരസിച്ച കാര്യം ബ്ലിങ്കനെ അറിയിച്ചത്.
അതേസമയം, പുതിയ പുതിയ ചർച്ചകൾ വ്യാഴാഴ്ച കെയ്‌റോയിൽ ആരംഭിക്കുമെന്ന് ഈജിപ്ത് ഉദ്യോഗസ്ഥർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ഗാസ മുനമ്പിൻ്റെ ഒരു പ്രദേശത്തെയും ഇസ്രയേലിൻ്റെ ആക്രമണത്തിൽനിന്ന് ഒഴിവാക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിൽ പിന്തുണ ഇടിയുന്ന നെതന്യാഹു, ഹമാസിന് ഭാഗികമായെങ്കിലും ഗാസയുടെ നിയന്ത്രണം നൽകുന്ന നടപടി അനുവദിക്കില്ലെന്നും പറഞ്ഞു.
Be the first to comment