പുതുവർഷത്തിലും സമാധാനമില്ലാതെ ഗാസ; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍

പുതുവര്‍ഷാരംഭത്തിലും സമാധാനമില്ലാതെ ഗാസ. ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍നിന്ന് അഭയം പ്രാപിക്കുന്നതിനിടയില്‍ ഖാന്‍ യൂനുസിന്റെ മധ്യഭാഗത്ത് കരയാക്രമണം നടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ സെന്‍ട്രല്‍ ഗാസയിലും ബോംബെറിഞ്ഞിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഒറ്റരാത്രികൊണ്ട് കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നൂറോളം ഗാസക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അതേസമയം ഇസ്രയേലില്‍ ഹമാസ് റോക്കറ്റുകള്‍ വര്‍ഷിച്ചു. തെക്കന്‍, മധ്യ ഇസ്രയേലിലാണ് ഹമാസ് റോക്കറ്റുകള്‍ വര്‍ഷിച്ചത്. ഇസ്രയേല്‍ പ്രതിരോധസേന വ്യോമാക്രമണം സ്ഥിരീകരിച്ചു. ഹമാസിന്റെ സായുധ വിഭാഗമായ എസെദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നു. ഇസ്രയേല്‍ നടത്തിയ സിവിലിയന്മാരുടെ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി M90 റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു. എന്നാല്‍ ആക്രമണത്തില്‍ ഇതുവരെ അപകടങ്ങളൊന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോകം പുതുവര്‍ഷം ആഘോഷിക്കുമ്പോഴും ഗാസ കണ്ണീരിലാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ടാണ് റാമല്ലയില്‍ പുതുവത്സരാഘോഷങ്ങള്‍ നടന്നത്. നിലവില്‍ 21,822 പേര്‍ ഇതുവരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 56,451 പേര്‍ക്ക് പരുക്കേറ്റു. ഇസ്താംബൂളില്‍ ഗാസയ്ക്ക് പിന്തുണയുമായി ഇന്ന് 29 സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*