
കോട്ടയം: പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി ആറാം ക്ലാസിലേക്ക് പോകണമെന്നാണു ഗീതുവിൻ്റെ ആഗ്രഹം. എന്നാൽ അഞ്ച് മാസം മുൻപു തിരിച്ചറിഞ്ഞ വൃക്കകളെ ബാധിച്ച രോഗം ഗീതുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൻ്റെ നാലു ചുമരുകൾക്കുള്ളിലാക്കി. വൃക്കകൾ ചുരുങ്ങുന്ന രോഗമാണു കോട്ടയം മള്ളുശേരി നിർമിതി കോളനി, ഗണപതി ഭവനിൽ വി.മോഹനൻ്റെയും ലതയുടെയും മകളായ ഗീതു മോഹന് (10). ആറു മാസം മുൻപ് അനിയന്ത്രിതമായി വണ്ണം വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു ഗീതുവിനെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചത്. തുടർന്നാണു വൃക്കകൾക്കു തകരാർ കണ്ടു പിടിച്ചത്.
ആദ്യം കോട്ടയം മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ആയിരുന്നു ചികിത്സ. തുടർന്നു സ്ഥിതി കൂടുതൽ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇടവിട്ടുള്ള ഡയാലിസിസിന് അടക്കം വൻതുക ചെലവ് വരുന്നുണ്ട്. കൂലിപ്പണിക്കാരനായ മോഹനൻ്റെ ഏക വരുമാനത്തിലാണു കുടുംബം മുന്നോട്ട് പോകുന്നത്. അമ്മ ലതയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജോലിക്കു പോകാൻ സാധിക്കുന്നില്ല. മകളുടെ കൂടെ ആശുപ്രതിയിൽ നിൽക്കേണ്ടി വന്നതോടെ മോഹനൻ്റെ വരുമാനവും നിലച്ചു.
ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൽകിയ പണം കൊണ്ടാണു ചികിത്സ മുന്നോട്ടു പോയത്. ഇതുവരെ രണ്ടര ലക്ഷം രൂപയോളം ചെലവായി. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ച ഗീതു ജീവൻ രക്ഷാ ഉപകരണങ്ങളുടെ പിൻബലത്തിലാണു മുന്നോട്ടു പോയത്. ഇപ്പോൾത്തന്നെ ചികിത്സയ്ക്ക് കടം വാങ്ങേണ്ടി വന്ന മോഹനന് മകളുടെ തുടർ ചികിത്സ എങ്ങനെ എന്ന കാര്യത്തിൽ ആശങ്കയാണ്. ചികിത്സാ സഹായത്തിനായി സൗത്ത് ഇന്ത്യൻ ബാങ്ക് കോട്ടയം ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Account Number: 0037053000026128
IFSC : SIBL0000037
Phone: 9633407361
Be the first to comment