രക്തസാക്ഷികളെ അവഗണിക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം

കാസർകോട് : രക്തസാക്ഷികളെ അവഗണിക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കിടയാക്കിയത് ഇത്തരം സംഭവങ്ങളാണെന്നാണ് ഉയരുന്ന വിമര്‍ശനം. കാസര്‍കോട് കല്യോട് കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് പരിശോധിക്കുന്ന അന്വേഷണ കമ്മിഷന് മുന്നിലും പരാതി എത്തിയിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്നും ചില വിഴ്ചകള്‍ ഉണ്ടായെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ. റിപ്പോര്‍ട്ട് ഉടന്‍ കെപിസിസിക്ക് കൈമാറും.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. രക്തസാക്ഷികളെയും കേസില്‍ അകപ്പെടുന്നവരെയും കുറേ നാളുകളായി പാര്‍ട്ടി അവഗണിക്കുന്നു. ശരത്ത് ലാല്‍, കൃപേഷ് കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ നേതാക്കള്‍ പങ്കെടുത്തതും വന്‍ വീഴ്ചയാണ്. രക്തസാക്ഷി കുടുംബങ്ങളെ സിപിഐഎം സംരക്ഷിക്കുന്നതും പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. രക്തസാക്ഷികളോടുള്ള അവഗണന പാര്‍ട്ടിയെ സംസ്ഥാനത്തുടനീളം ദുര്‍ബലപ്പെടുത്തുകയും പ്രവര്‍ത്തകരെ നിരന്തരം നിരാശപ്പെടുത്തുകയും ചെയ്യുന്നു.

ഈ സമീപനത്തില്‍ മാറ്റമുണ്ടാകണമെന്നുമാണ് ആവശ്യം. രക്തസാക്ഷികളോടുള്ള അവഗണനക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന നിര്‍ദ്ദശം കെപിസിസിക്ക് നല്‍കുന്ന കമ്മിഷന്റെ റിപ്പോര്‍ട്ടിലും ഇടംപിടിക്കും. ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി തലപുകയ്ക്കുകയാണ് കാസര്‍കോട് ജില്ലാ നേതൃത്വം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ട് കെപിസിസിക്ക് നല്‍കിയാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നടപടിയെടുക്കേണ്ടി വരും. ഒപ്പം രക്തസാക്ഷികളെ പരിഗണിക്കുന്നതില്‍ പൊതു തീരുമാനവും എടുക്കേണ്ടിവരും.

Be the first to comment

Leave a Reply

Your email address will not be published.


*