
ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയുടെ വിജയഗോൾ നേടിയ താരമാണ് ആന്ദ്രേസ്. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു.
ഒരു പ്രതിരോധ താരമായിരുന്ന ബ്രെഹ്മെ 1986ലെ ലോകകപ്പിലും ജർമ്മൻ ടീമിൽ അംഗമായിരുന്നു. അന്ന് ഫൈനലിൽ അർജന്റീനയോട് തോൽക്കാനായിരുന്നു ജർമ്മൻ സംഘത്തിന്റെ വിധി. നാല് വർഷത്തിന് ശേഷം വീണ്ടും പഴയ എതിരാളികൾ ലോകകപ്പിന്റെ ഫൈനലിൽ എത്തി. ഇത്തവണ ബ്രെഹ്മെയുടെ ഒറ്റ ഗോളിലാണ് ജർമ്മൻ സംഘം ലോകകപ്പ് ഉയർത്തിയത്. 85-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രെഹ്മെ ജർമ്മനിയുടെ വിജയഗോൾ നേടിയത്.
1990ലെ ലോകകപ്പിൽ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാൻസ് ബെക്കൻബോവർ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്. കരിയറിൽ ആകെ എട്ട് ഗോളുകളാണ് താരം നേടിയത്.
Be the first to comment