ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം

ഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം. അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് പ്രതികരണം. ജുഡീഷ്യറിയുടെ നിഷ്‌പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ആരോപണങ്ങൾ നേരിടുന്ന ഏതൊരാളെയും പോലെ കെജ്‌രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ട്. ലഭ്യമായ എല്ലാ നിയമ മാർഗങ്ങളും നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. നിരപരാധിത്വം തെളിയിക്കുക എന്നത് നിയമവാഴ്ചയുടെ കേന്ദ്ര ഘടകമാണ്, അത് അദ്ദേഹത്തിനും ബാധകമാണെന്നും ജർമ്മൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു.

ഇതാദ്യമായാണ് ഒരു വിദേശരാജ്യം കെജ്‌രിവാളിനെതിരായ നടപടിയിൽ പ്രതികരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ ഇ.ഡി അറസ്റ്റിനെ കുറിച്ച് ജർമൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ.

അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പുതിയ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ച ഡൽഹി മന്ത്രി അതിഷി സ്ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*