
രാജ്യത്തെ അവസാന മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടി ജർമനി. പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്. എംസ്‌ലാൻഡ്, നെക്കർവേസ്തിം 2, ഇസാർ 2 എന്നീ ആണവ നിലയങ്ങളാണ് ജർമനി അടച്ചു പൂട്ടിയത്.
അംഗല മെർക്കൽ ചാൻസലറായിരിക്കെ 2011ൽ കൈക്കൊണ്ട തീരുമാനമാണു നടപ്പാകുന്നത്. ത്രീ മൈൽ ഐലൻഡ് (യുഎസ്), ചെർണോബിൽ (യുഎസ്എസ്ആർ), ഫുക്കുഷിമ (ജപ്പാൻ) ദുരന്തങ്ങളാണു ജർമനിയെ ആണവവിരുദ്ധ നിലപാടിലെത്തിച്ചത്. മൂന്നു നിലയങ്ങളും കഴിഞ്ഞ ഡിസംബറിൽ പൂട്ടേണ്ടതായിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഊർജ പ്രതിസന്ധിയെത്തുടർന്ന് നീട്ടുകയായിരുന്നു. തൽക്കാലം കൽക്കരി, പ്രകൃതിവാതകം എന്നിവ കൂടുതലായി ഉപയോഗിക്കേണ്ടിവരുമെന്ന് ജർമൻ സർക്കാർ അറിയിച്ചിട്ടുണ്ട്. എങ്കിലും 2045ന് അകം പൂർണമായും പരിസ്ഥിതിസൗഹൃദ ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് കാർബൺ ന്യൂട്രൽ ആകുകയാണു ജർമനിയുടെ ലക്ഷ്യം.
അതേസമയം, തീരുമാനം രാജ്യത്തിനു സാമ്പത്തികമായും വ്യാവസായികമായും തിരിച്ചടിയാകുമെന്നു വാദിക്കുന്നവരുമുണ്ട്.
Be the first to comment