തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടി

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടിയായി പിഴ ശിക്ഷയും. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മാച്ച് റഫറി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ശിക്ഷയായി വിധിച്ചത്. സീസണിലെ ആദ്യ പിഴവായതുകൊണ്ടാണ് ഗില്ലിന്‍റെ പിഴ ശിക്ഷ 12 ലക്ഷത്തില്‍ ഒതുങ്ങിയത്. തെറ്റ് ആവര്‍ത്തിച്ചാല്‍ ഗില്ലിന് മത്സര വിലക്ക് നേരിടേണ്ടിവരും.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റെടുത്ത ശേഷം ഫ്ലയിംഗ് കിസ് നല്‍കി യാത്രയയപ്പ് നല്‍കിയതിന് കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണക്ക് മാച്ച് റഫറി മാച്ച് ഫീയുടെ 60 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു. ഈ സീസണില്‍ ഗുജറാത്ത് നായകനായി അരങ്ങേറിയ ശുഭ്മാന്‍ ഗില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്‍റെ തനിയാവര്‍ത്തനമായ പോരാട്ടത്തില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് കനത്ത തോല്‍വിയ്ക്ക് വഴങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റൺസാണ് അടിച്ചെടുത്തത്. ശിവം ദബെ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചെന്നൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിപ്പോള്‍ ഗുജറാത്ത് വമ്പന്‍ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണു.

Be the first to comment

Leave a Reply

Your email address will not be published.


*