സ്വിഗി, ഒല, ഫ്ളിപ്കാര്‍ട്ട് : പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് കമ്പനികള്‍

ആഗോളതലത്തില്‍ ടെക് കമ്പനികള്‍ നടത്തിവരുന്ന പിരിച്ചുവിടലുകള്‍ തുടരുന്നു. 2023 ല്‍ ലോകം ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു ടെക് മേഖലയിലെ കൂട്ട പിരിച്ചുവിടല്‍. എന്നാല്‍ 2024 ആറുമാസം പിന്നിടുമ്പോഴും ജീവനക്കാരെ കുറയ്ക്കുന്ന ടെക് ഭീമന്‍മാരുടെ നിലപാടിന് മാറ്റം വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പുതുതലമുറ ടെക് കമ്പനികളാണ് ഈ വര്‍ഷം പിരിച്ചുവിടലിന് മുന്നിലുള്ളത്. സ്വിഗ്ഗി, ഒല, പേടിഎം തുടങ്ങിയ കമ്പനികളാണ് പട്ടികയില്‍ പ്രധാനം.

ഷോപ്പിങ് പ്ലാറ്റ്ഫോമായ സിംപല്‍ 25 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം 160 നും 170 നും ഇടയില്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഗതാഗത നെറ്റ്‍വര്‍ക്ക് സംവിധാനമായ ഒല 200 ജീവനക്കാരെയാണ് ഈ വര്‍ഷം ഇതുവരെ പിരിച്ചുവിട്ടത്. ആകെ തൊഴിലാളികളുടെ പത്ത് ശതമാനമാണ് ഈ കണക്ക്. ലാഭ വിഹിതം ഉയര്‍ത്താനാണ് നടപടി എന്നാണ് കമ്പനി പിരിച്ചുവിടലിന് നല്‍കുന്ന വിശദീകരണം. അടുത്തിടെ വലിയ തകര്‍ച്ച നേരിട്ട എഡ്യൂ ടെക് കമ്പനിയായ ബൈജൂസ് മൂന്ന് ശതമാനം വരുന്ന അവരുടെ 500 ഓളം ജീവക്കാരെയാണ് ഈ വര്‍ഷം പുറത്താക്കിയത്.

സെയില്‍സ്, മാര്‍ക്കറ്റിങ്, ടീച്ചിങ് വിഭാഗങ്ങളില്‍ നിന്നാണ് പിരിച്ചുവിടല്‍. ജീവനക്കാരെ ഇ മെയില്‍, ഫോണ്‍ കോള്‍ മുഖേനയാണ് പിരിച്ചുവിടല്‍ വിവരം അറിയിച്ചത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഗലയായ സ്വിഗ്ഗി നാന്നൂറോളം പേരെയാണ് ഈ വര്‍ഷം ഇതുവരെ പിരിച്ചുവിട്ടത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് നടപടിയെന്നാണ് വെളിപ്പെടുത്തല്‍. അടിസ്ഥാന നിലയില്‍ സ്വിഗി നഷ്ടത്തിലാണെന്നാണ് വിലയിരുത്തല്‍.

ആഗോള വ്യാപാര ഭീമനായ വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ വ്യാപാര സംവിധാനമായ ഫ്ളിപ്കാര്‍ട്ട് ഈ വര്‍ഷം ആയിരം മുതല്‍ 1500 ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് കണക്കുകള്‍. ആകെ ജീവനക്കാരുടെ എണ്ണം 5-7 ശതമാനം വരെയയാണ് ഇതിലൂടെ ഫ്ളിപ് കാര്‍ട്ട് വെട്ടിച്ചുരുക്കിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതിയ നിയമനങ്ങളും ഫ്ളിപ്കാര്‍ട്ട് നടത്തിയിരുന്നില്ല.

എഡ്യൂടെക് കമ്പനികളായ പ്രിപ് ലാഡര്‍, സ്‌കെയ്ലര്‍ തുടങ്ങിയവയും ഫിനാന്‍സ് മേഖലയില്‍ വിന്റ് ഹെല്‍ത്ത്, ലെന്റ്റാ, മുവിന്‍ തുടങ്ങിയവയും ഈ വര്‍ഷം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഹെല്‍ത്ത് – ഫിറ്റ്നസ് മേഖലയില്‍ പ്രവര്‍ത്തിക്കുനവ്ന ഹെല്‍ത്തിഫൈമീ, പ്രിസ്റ്റിന്‍ കെയര്‍, കള്‍ട്ട്.ഫിറ്റ്, ക്യൂര്‍.ഫിറ്റ് എന്നിവയും പ്രമുഖ സ്റ്റാര്‍ട്ടപ്പുകളായ ബോള്‍ട്ട്.എര്‍ത്ത്, കോറോവര്‍, എയര്‍മീറ്റ്, വേകൂള്‍, ലിസ്യൂസ്, ബ്ലിസ് ക്ലബ് തുടങ്ങിയവയും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*