കോഴിക്കോട്: ശോഭ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗോപാലന്‍. പത്രസമ്മേളനത്തില്‍ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെയാണ് നടപടി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ശോഭയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നേരത്തെ ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു.
ദല്ലാള്‍ നന്ദകുമാറിൻ്റെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശോഭ സുരേന്ദ്രൻ്റെ വിവാദ പരാമര്‍ശം. കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും ശോഭയ്ക്ക് എതിരെ ഒരുമിച്ചുവെന്നായിരുന്നു പരാമര്‍ശം. തനിക്കെതിരെ ഒരു ചാനല്‍ വാര്‍ത്ത കൊടുത്തുവെന്നും കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്പനി ഉടമയ്ക്ക് വേദനിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ശോഭ സുരേന്ദ്രന് മറുപടി നല്‍കാന്‍ തൻ്റെ സംസ്‌കാരം അനുദിക്കുന്നില്ലെന്നായിരുന്നു ഇതിന് ഗോകുലം ഗോപാലൻ്റെ മറുപടി. ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞ കരിമണല്‍ കര്‍ത്തയെ അറിയില്ല, കണ്ടിട്ടുമില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാനാകാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയത്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കിയിരുന്നു.
Be the first to comment