ഗോൾഡൻ ഗ്ലോബ് റേസ്; രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി

തിരുവനന്തപുരം: ഗോൾഡൻ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികസേനാ ഓഫീസർ കമാൻഡർ അഭിലാഷ് ടോമി. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റൻ ന്യൂഷാഫറാണ്. വെള്ളിയാഴ്ച രാത്രിയോടെ അഭിലാഷ് ടോമി ഫിനിഷിങ് പോയിന്‍റായ ലെ സാബ്ലേ ദൊലാനില്‍ എത്തുമെന്നാണ് പ്രതീക്ഷ. ബയാനത്ത് എന്ന പായ് വഞ്ചിയിലാണ് അദ്ദേഹത്തിന്റെ യാത്ര. ഒരു ഇന്ത്യക്കാരന്‍ ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത് ആദ്യമായാണ്.

കിര്‍സ്റ്റൻ ന്യൂഷാഫർ അഭിലാഷ് ടോമിയേക്കാൾ നൂറ് നോട്ടിക്കല്‍ മൈലില്‍ അധികം മുന്നിലുണ്ട്. അതിനാൽ കിര്‍സ്റ്റൻ ന്യൂഷാഫർ ഒന്നാം സ്ഥാനവും കിരീടവും ഉറപ്പിച്ചു കഴിഞ്ഞു. ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഒന്നാം സ്ഥാനത്തെത്തുന്നത്. അഭിലാഷ് ടോമി കഴിഞ്ഞയാഴ്ച ലീഡ് നേടിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ലീഡ് തിരിച്ച് പിടിച്ചു. മത്സരം എട്ട് മാസത്തോളം പിന്നിട്ടെന്നും മത്സരം പൂര്‍ത്തിയാക്കാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്നും ഫിനിഷിങ് ലൈനിലേക്കെത്തും മുമ്പുള്ള അവസാന ഫോൺ കോളില്‍ അഭിലാഷ് ടോമി പറഞ്ഞു.

ഗോൾഡന്‍ ഗ്ലോബ് റേസ് എന്നത് ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് മത്സരം ആരംഭിച്ചത്. 16 പേരായിരുന്നു ആദ്യ ഘട്ടത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷത്തിലെത്തിയപ്പോൾ അഭിലാഷ് അടക്കം മൂന്ന് പേര്‍ മാത്രമാണുളളത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*