
തിരുവനന്തപുരം : ഒൻപതാമത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക്ക്‌ഷോപ്പ് ഇന്ത്യ 2024 (FPRWI 2024) നവംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സുമായി (എഫ്ഐഎഎഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരള സർക്കാരിൻ്റെ സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്‌സിലാണ് ശിൽപശാല നടക്കുക. ശില്പശാലയിൽ ശബ്ദ-ദൃശ്യ സംരക്ഷണ (preservation) മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ വിഷയങ്ങളിൽ ഈ മേഖലയിലെ അന്തരാഷ്ട്ര വിദഗ്ധർ പരിശീലനം നൽകും. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിംഗ്, പേപ്പർ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുൾപ്പന്നതാണ് ശില്പശാല.
ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്‌ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും.2015 മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ശിൽപശാലകളിൽ 400-ലധികം പേർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. തുടക്കക്കാരായ ഫിലിം ആർക്കൈവ് ജീവനക്കാർ, ആർക്കൈവിംഗിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വൽ പ്രൊഫഷണലുകൾ, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥികൾ, ഓഡിയോ-വിഷ്വൽ ആർക്കൈവിംഗിൽ താൽപ്പര്യമുള്ള വ്യക്തികൾ തുടങ്ങിയവരെയാണ് ശിൽപശാല ലക്ഷ്യമിടുന്നത്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
Be the first to comment