2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ലളിതമാക്കാനൊരുങ്ങി ഗൂഗിള്‍

സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ 2- ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനം ലളിതമാക്കാനൊരുങ്ങി ഗൂഗിള്‍. 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്ന് വിളിക്കുന്ന സുരക്ഷ സംവിധാനമാണ് ഗൂഗിള്‍ ലളിതമാക്കുന്നത്.

പാസ്‌വേര്‍ഡുകള്‍ നഷ്ടപ്പെടുന്നതു തടയുന്നതിനും ഗൂഗിള്‍ അക്കൗണ്ടുകളുടെ സുരക്ഷയ്ക്കുമായിരുന്നു ഗൂഗിള്‍ 2 സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടപ്പാക്കിയിരുന്നത്. ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറിലേക്ക് എസ് എം എസ് വരുന്നതടക്കമുള്ള സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.

ഇതില്‍ മാറ്റം വരുത്താനാണ് ഗൂഗിളിന്റെ നീക്കം. പകരം ഗൂഗിള്‍ ഓതന്റിക്കേറ്റര്‍ ആപ്പ് മുഖേനയോ ഹാര്‍ഡ്‌വെയര്‍ സുരക്ഷാ കീ പോലുള്ളവയോ ഉപയോഗിച്ച് സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

പ്രധാനമായും ഗൂഗിള്‍ വര്‍ക്ക് സ്‌പേസില്‍ ഉപയോഗിക്കപ്പെടുന്ന അക്കൗണ്ടുകള്‍ക്കാണ് ഇതുകൊണ്ടുള്ള ഗുണം ലഭിക്കുക. ഗൂഗിള്‍ ഓതന്റിക്കേറ്ററോ സമാനമായ ആപ്പുകളോ ഉപയോഗിച്ച് ഒടിപികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് സഹായകരമാകും. നിലവില്‍ ഗൂഗിള്‍ ഓതന്റിക്കേറ്റര്‍ ചേര്‍ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടിയിരുന്നു.

ഹാര്‍ഡ് യര്‍ സെക്യൂരിറ്റി കീകളുള്ള ഉപയോക്താക്കള്‍ക്കു ഹാര്‍ഡ്‌വെയര്‍ കീയില്‍ FIDO1 ക്രെഡന്‍ഷ്യല്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ഒന്നിലേക്ക് ഒരു പാസ്‌കീ നല്‍കുന്നതിലൂടെയോ 2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നടത്താന്‍ സാധിക്കും.

അതേസമയം ഗൂഗിള്‍ വര്‍ക്ക്‌സ്പേസ് അക്കൗണ്ടുകളില്‍ പാസ്‌കീകള്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ ‘പാസ്‌വേഡുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുക’ എന്ന അഡ്മിന്‍ നയം ഓഫാണെങ്കില്‍, വര്‍ക്ക്‌സ്പേസ് അക്കൗണ്ടുകള്‍ക്ക് പാസ്‌കീയ്ക്കൊപ്പം പാസ്‌വേഡുകള്‍ നല്‍കേണ്ടിവരുമെന്നും ഗൂഗിള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഒരു വര്‍ഷത്തിനിടെ 40 കോടിയിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ പാസ്‌വേഡ് രഹിതമായി പ്രവര്‍ത്തിക്കുന്നതിന് പാസ്‌കീകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഫിഷിങ്, സെഷന്‍ ഹൈജാക്കിങ് പോലുള്ള സൈബര്‍ ആക്രമണങ്ങളെ തടയുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*