തിരഞ്ഞെടുപ്പ് ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ജെമിനി എഐ ചാറ്റ്ബോട്ടിന് നിയന്ത്രണങ്ങളുമായി ഗൂഗിള്‍

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ജെമിനി എഐ ചാറ്റ്ബോട്ടിന് നിയന്ത്രണങ്ങളുമായി ഗൂഗിള്‍. കഴിഞ്ഞ മാസം ജെമിനി എഐ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. ഗൂഗിളിൻ്റെ തന്നെ എഐ ചാറ്റ്ബോട്ടാണ് ജെമിനി എഐ.

“സുപ്രധാനവും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയമായതിനാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജെമിനി പ്രതികരണം നല്‍കുന്നതില്‍ ഞങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉയർന്ന നിലവാരമുള്ള ഉത്തരങ്ങള്‍ നല്‍കേണ്ടതിൻ്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്,” ഗൂഗിള്‍ അറിയിച്ചു.

ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലാകാം തിരഞ്ഞെടുപ്പ് നടക്കുക. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലും എഐ സാങ്കേതികവിദ്യ വലിയ ഭീഷണിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

നരേന്ദ്ര മോദി സർക്കാരിൻ്റെ നയങ്ങളെക്കുറിച്ച് വിവാദപരമായ പ്രതികരണം നല്‍കിയതിന് ജെമിനിയെ കേന്ദ്രം വിമർശിച്ചിരുന്നു. “ഗൂഗിള്‍ പോലുള്ള പ്ലാറ്റ് ഫോമുകള്‍ക്ക് ഇന്റർനെറ്റില്‍ വലിയ സ്വാധീനമാണുള്ളത്. എന്തെങ്കിലും തെറ്റ് പറ്റിയതിന് പിന്നാലെ ക്ഷമിക്കണം അല്ലെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് പറയുന്നത് ശരിയായ കാര്യമല്ല. നിയമം പ്രതീക്ഷിക്കുന്നതും അതല്ല,” -കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*