സ്‌മാർട്ട്‌ഫോണുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനായി ഗൂഗിൾ തമിഴ്നാട്ടിലേയ്‌ക്ക്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗൂഗിളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ പരിവർത്തനം, നവീകരണം, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രധാന മേഖലകളിലാണ് ചർച്ചകൾ നടന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഗൂഗിൾ ഉടൻ തന്നെ പിക്സൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ചർച്ച ചെയ്ത സംരംഭങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കമ്പനിയും, സർക്കാരും തമ്മിൽ ധാരണയായി. ഈ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്ത് ഡിജിറ്റൽ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കും. തമിഴ്‌നാട്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്. ഇതോടെ ഗൂഗിളിന്റെ ഫ്‌ളാഗ്ഷിപ്പ് പിക്‌സൽ സ്‌മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി തമിഴ്‌നാട് മാറും.
തായ്‌വാനീസ് കമ്പനിയായ ഫോക്സ്സ്റ്റോണുമായി സഹകരിച്ച് ഗൂഗിൾ പിക്സൽ ഫോണുകൾ തമിഴ്നാട്ടിൽ അസംബിൾ ചെയ്യും. കൂടാതെ, ഗൂഗിളിന്റെ ഡ്രോൺ സബ്സിഡിയറി കമ്പനിയായ വിംഗ് അതിന്റെ ഡ്രോണുകൾ അസംബിൾ ചെയ്യുന്നതിനുള്ള യൂണിറ്റും തമിഴ്നാട്ടിൽ സ്ഥാപിക്കും. ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരിലായിരിക്കും നിർമ്മാണ ശാലയെന്നാണ് സൂചന. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗൂഗിൾ തങ്ങളുടെ പിക്സൽ 8, പിക്സൽ 8 പ്രോ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചൈന വിടാനുള്ള ആപ്പിൾ പോലുള്ള കമ്പനികളുടെ തന്ത്രപരമായ നീക്കങ്ങളുമായി യോജിക്കുന്നതാണ് ഗൂഗിളിന്റെ തീരുമാനം.
ഈ വലിയ നിക്ഷേപം സംസ്ഥാനത്ത് 30 ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിളിന്റെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന വ്യവസായ മന്ത്രി ടിആർബി രാജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അടുത്തിടെ യുഎസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം.
Be the first to comment