ജെമിനി എഐ സാങ്കേതികവിദ്യ, ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിള്‍, പിക്‌സല്‍ 9 സീരീസ് ലോഞ്ച് ഓഗസ്റ്റ് 13ന്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ ഫോണായ ഗൂഗിള്‍ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 9 സീരീസില്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ആണ് ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ജെമിനി എഐ സാങ്കേതികവിദ്യയോടെയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. 9 സീരീസില്‍ പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നി ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ അതിന്റെ മുന്‍ഗാമിയായ പിക്‌സല്‍ 8 പ്രോയ്ക്ക് സമാനമാണ്. ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് കമ്പനിയുടെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ്. പിക്‌സല്‍ ഫോള്‍ഡ് ആണ് ഗൂഗിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍. പക്ഷേ ഇന്ത്യയില്‍ ഇത് അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു.

ഡ്യുവല്‍ പില്‍ ആകൃതിയിലുള്ള കാമറ കട്ട്ഔട്ട് ഏറെ സവിശേഷതകള്‍ നിറഞ്ഞതാണെന്ന് കമ്പനി അവകാശപ്പെട്ടു. റിയര്‍ പാനലിന്റെ മുകളില്‍ ഇടത് കോണിലുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ക്രമീകരണത്തിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. ഫോണില്‍ സ്‌ക്രീനിന്റെ ഇടതുവശത്ത് ഒരു പഞ്ച്-ഹോള്‍ കാമറ ഉണ്ടായിരിക്കുമെന്നാണ് സൂചനകള്‍. ജെമിനി എഐ സാങ്കേതികവിദ്യ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഫോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*