ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

ഇടുക്കിയില്‍ ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍ ഉള്‍പ്പെടെ 10 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. 2022 സെപ്റ്റംബര്‍ 20നാണ് കാട്ടിറച്ചി കടത്തി എന്ന് ആരോപിച്ച് കണ്ണമ്പടി സ്വദേശി സരുണിനെതിരെ വനം വകുപ്പ് കള്ളക്കേസ് എടുത്തത്. 

സരുണ്‍ സജിക്കെതിരെ വനം വകുപ്പ് എടുത്ത കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തിയത് സിസിഎഫ് നീതുലക്ഷ്മിയുടെ അന്വേഷണത്തിലാണ്. ഇതോടെ സരുണ്‍ സജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളക്കേസ് വനം വകുപ്പു പിന്‍വലിക്കുകയായിരുന്നു. ബി രാഹുല്‍ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു. സരുണ്‍ സജിയുടെ കുടുംബവും ഉള്ളാട മഹാസഭയും നടത്തിയ സമരത്തെ തുടര്‍ന്ന് പ്രതികളായ വനവകുപ്പ് ഉദ്യോഗസ്ഥഥര്‍ക്ക് എതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കി.

2024 ജനുവരിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി പോലീസ് സര്‍ക്കാരിനെ സമീപിച്ചതാണ്. എന്നാല്‍ പ്രതികളുടെ സ്വാധീനം മൂലം ഒരു വര്‍ഷത്തിനുശേഷമാണ് അനുമതി ലഭിക്കുന്നത്. ഉടന്‍തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം. സരുണിന്റെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസ്.

Be the first to comment

Leave a Reply

Your email address will not be published.


*