
തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഹയര്‍ സെക്കന്‍ഡറി ഡോയിന്റ് ഡയറക്ടറാണ് ഒരംഗം. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറും സമിതിയിലുള്‍പ്പെടുന്നു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ബാച്ച് വര്‍ധനയില്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. ജൂലൈ അഞ്ചിന് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലും സയന്‍സ് സീറ്റുകള്‍ അധികമാണ്. എന്നാല്‍ കൊമേഴ്സ്, ഹുമാനിറ്റീസ് സീറ്റുകള്‍ കുറവാണ്. നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നി താലൂക്കുകളില്‍ സയന്‍സിന് 4433 സീറ്റ് കൂടുതലാണ്. ഹുമാനിറ്റീസ് 3816 സീറ്റും കൊമേഴ്സ് 3405 സീറ്റും കുറവാണ്.
കഴിഞ്ഞ വര്‍ഷം അഡ്മിഷന് പൂര്‍ത്തീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 4952 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇപ്രാവശ്യം 53762 പേര് പ്രവേശനം നേടിക്കഴിഞ്ഞു. ഇനി സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ രണ്ടാം തീയതി ആരംഭിക്കും. അഞ്ചാം തീയതി വരെയാണ് അപേക്ഷിക്കാനാകുക. എട്ടാം തീയതി അലോട്ട്മെന്റ് ആരംഭിക്കും.
ഒറ്റ ദിവസം കൊണ്ട് തീര്‍ക്കും. ജൂലൈ 8,9 തീയതികളില്‍ അഡ്മിഷന് നടക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞതിനു ശേഷം സ്കോള്‍ കേരള രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസസംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
Be the first to comment