എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ NSSനെ കയ്യയച്ച് സഹായിച്ച് സർക്കാർ

എയ്ഡഡ് സ്കൂളുകൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിനെ കയ്യഴിച്ച് സഹായിച്ച് സർക്കാർ. ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവിൻറെ മറവിലാണ് സർക്കാർ നീക്കം.

മൂന്ന് ശതമാനം സീറ്റ് ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചാലെ എയ്ഡഡ് സ്കൂളിലെ അംഗീകാരമില്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തു എന്നായിരുന്നു സർക്കാരിൻറെ മുൻ നിലപാട്. ഇത് കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഏയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. തടസമായി കോടതി വിധി ഉണ്ടെന്ന ന്യായമായിരുന്നു ഇതുവരെ സർക്കാർ പറഞ്ഞിരുന്നത്.

അനിശ്ചതാവസ്ഥ സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എൻഎസ്എസ് മാനേജ്മെൻറ് സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകൾ ക്രമപ്പെടുത്താമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിധി വളച്ചൊടിച്ചാണ് എൻഎസ്എസ് മാനേജ്മെൻറിന് അനുകൂലമായി സർക്കാർ നീങ്ങിയത്. ഉത്തരവ് സാമൂഹ്യ നീതിയുടെ നിഷേധമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. സുപ്രീം കോടതി വിധി പറഞ്ഞ കേസ് എൻ എസ് എസ് മാനേജ്മെന്റ് നൽകിയതാണ് എന്നതാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതിന് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഈ വിധി സമാനപ്രശ്നങ്ങൾ നേരിടുന്ന മറ്റു സ്കൂളുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ ഉത്തരവിലുണ്ടായിട്ടും സർക്കാർ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത് ദുരൂഹമാണെന്നും അധ്യാപക സംഘടനകൾ ആരോപിച്ചു. സമാന ആവശ്യം മറ്റ് മാനേജ്മെൻറുകളും ഉന്നയിച്ചിരിക്കെയാണ് ഒരു വിഭാഗത്തെ സഹായിക്കാനുള്ള സർക്കാർ നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*