സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഇനി തുടര്‍നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. ഇടത് യുവജനസംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മനംമാറ്റം.
റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചത്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവ ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത് അറുപത് വയസാക്കിയത്. 29ന് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ഒന്നരലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. ഈ മാസം വിരമിക്കേണ്ടവര്‍ക്ക് കൂടുതല്‍ സര്‍വീസ് ലഭിക്കുമെന്നും കരുതിയിരുന്നു. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും അറിയിച്ചിരുന്നു. കൂടാതെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ സര്‍വ്വീസ് സംഘടനകള്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ഈ ഉത്തരവ്.
2017 ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയായ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് ) റിപ്പോര്‍ട്ട് കഴിഞ്ഞ ഏപ്രില്‍ 22 ന് മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. അതേസമയം, കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ള കെഎസ്ഇബിയിലെയും, കെഎസ്ആര്‍ടിസിയിലെയും, വാട്ടര്‍ അതോറിറ്റിയിലെയും പെന്‍ഷന്‍ പ്രായം കൂട്ടല്‍ പിന്നാലെ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഉടന്‍ പുതിയ ഉത്തരവിറങ്ങും.
പെന്‍ഷന്‍ പ്രായം അറുപത് വയസാക്കി ഏകീകരിച്ച ഉത്തരവിനെതിരെ സിപിഐ യുവജന സംഘടന എഐവൈഎഫ് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് ലീഗ് അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു.
Be the first to comment