അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ

ഡൽഹി: അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ.  ജയറാം ഠാക്കൂർ അടക്കം 14 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബജറ്റ് പാസാക്കിയത്.  ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ സർക്കാർ‌ പ്രതിസന്ധിയിലായിരുന്നു.  ആറ് കോൺ​​ഗ്രസ് എംഎൽഎമാരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിക്ക് വോട്ട് ചെയ്തതോടെയാണ് സഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും കോൺ​ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്. 

ക്രോസ് വോട്ടിങ് നടന്നതിന് പിന്നാലെ കോ​ൺഗ്രസ് സർക്കാർ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.അതേസമയം കോൺ​ഗ്രസ് എംഎൽഎ വിക്രമാദിത്യ സിങ്ങിന്റെ രാജി അംഗീകരിക്കില്ലെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു.  വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കും. ബിജെപിക്ക് വോട്ട് ചെയ്തതിൽ ഒരു കോണ്‍ഗ്രസ് എംഎൽഎ ക്ഷമ ചോദിച്ചിട്ടുണ്ട്. പാർട്ടിയെ വഞ്ചിച്ചതായി എംൽഎ പറഞ്ഞുവെന്നും ഹിമാചലിലെ ജനങ്ങള്‍ ഇവർക്ക് മറുപടി നൽകുമെന്നും സുഖു പറഞ്ഞു.

ആറ് എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന് ഇന്നലെ സുഖു ആരോപിച്ചിരുന്നു.  സിആർപിഎഫും ഹരിയാന പൊലീസും എസ്കോർട്ട് നൽകിയതായും അദ്ദേഹം പറഞ്ഞിരുന്നു.  എന്നാൽ ഇതിനിടെയാണ് ഒരു എംഎൽഎ മാപ്പുചോദിച്ചുവെന്ന് സുഖു തന്നെ വ്യക്തമാക്കുന്നത്രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച പശ്ചാത്തലത്തിൽ സുഖ്‌വിന്ദർ സിങ് സർക്കാരിനെ അട്ടിമറിച്ച് ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി.  ഇതിന്റെ ഭാ​ഗമായി ജയറാം ഠാക്കൂര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു.  എന്നാൽ ഈ ശ്രമം വിഫലമാക്കികൊണ്ടായിരുന്നു സ്പീക്കർ ജയറാം ഠാക്കൂർ അടക്കം 14 ബിജെപി എംഎൽഎമാരെ സസ്പെന്റ് ചെയ്തത്.

സർക്കാരിന് ഭീഷണി ഉയർന്നതിന് പിന്നാലെ കേന്ദ്ര നിരീക്ഷകരായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും കേന്ദ്ര നേതൃത്വം ഹിമാചലിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്.  മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര നിരീക്ഷകരെ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*