അന്വേഷണസംഘം പോലും രൂപീകരിച്ചില്ല; ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാന് സര്‍ക്കാര്‍ സംരക്ഷണം; കോടതിയലക്ഷ്യ ഹര്‍ജിയുമായി പരാതിക്കാരന്‍

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിക്കാതെ പോലീസ്. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയിട്ടുമുണ്ട്.

മന്ത്രിയെ വെള്ള പൂശിയുള്ള പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. ഇതില്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഹൈക്കോടതി ഉത്തരവ് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ സംബന്ധിച്ചും തീരുമാനമായിട്ടില്ല. സര്‍ക്കാരിന് വ്യക്തമായ മറുപടി പറയാനുമായിട്ടില്ല. സര്‍ക്കാരിന്റെ നിസംഗതക്കെതിരെ ഹര്‍ജിക്കാരനായ അഡ്വ. ബൈജു നോയല്‍ വീണ്ടും കോടതിയെ സമീപിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ബൈജു നോയല്‍ പറഞ്ഞു.

കോടതി ഉത്തരവിന് പിന്നാലെ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിനും ഇപ്പോള്‍ അനക്കമില്ല. ഒരു വിഷയത്തില്‍ രണ്ടുതവണ രാജിവെക്കേണ്ട എന്നുള്ളതാണ് സിപിഐഎമ്മിന്റെ നിലപാട്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ പോകില്ല. സജി ചെറിയാന് സ്വന്തം നിലയില്‍ പോകുന്നെങ്കില്‍ പോകാം എന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ അപ്പീല്‍ പോയാല്‍ തിരിച്ചടിയാകുമോ എന്നതിനാല്‍ തല്‍ക്കാലം മന്ത്രിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു നീക്കമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*