തിരുവനന്തപുരം : മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒന്നര വര്‍ഷത്തിനകം പരിഹാരമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. മുന്നറിയിപ്പുകള്‍ അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് അപകടകാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടും അദാനിക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാരും അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടമരണങ്ങള്‍ സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. ഡ്രഡ്ജിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് തയ്യാറായില്ലെങ്കില്‍ അതില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രമേയാവതാരകനായ എം.വിന്‍സന്റ് ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികള്‍ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്നും മന്ത്രി സജി ചെറിയാന്‍ മറുപടിയായി പറഞ്ഞു.
മുതലപ്പൊഴിയല്‍ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും പ്രതിപക്ഷം കൂടി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. എട്ടു വര്‍ഷത്തിനിടെ 74 മരണങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
Be the first to comment