കോളെജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകും: മന്ത്രി രാജീവ്

കളമശേരി: കോളെജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് സർവകലാശാലകൾക്ക് പുറമെ സർക്കാരും ധനസഹായം കൊടുക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല കൊച്ചി മേക്കർ വില്ലേജിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പിന്‍റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ-അക്കാദമിക ബന്ധം വളരെ ശക്തിയാർജ്ജിക്കുന്ന ഈ കാലത്ത് ഇത്തരം സ്റ്റാർട്ടപ്പ് ക്യാമ്പുകൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്‍റേൺഷിപ്പുകൾ കൊടുക്കുന്നതിനൊപ്പം പഠനകാലത്ത് ജോലിയിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അത് ക്രെഡിറ്റ് ആക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ സർവ്വകലാശാലകൾ തയ്യാറാകണം,” മന്ത്രി പറഞ്ഞു.

നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സെൽ അവസരമൊരുക്കുമെന്ന് സർവകലാശാല സ്റ്റാർട്ടപ് സെല്ലിന്‍റെ വൈസ് ചെയർമാനും ബി ഒ ജി അംഗവുമായ ഡോ ജി വേണുഗോപാൽ പറഞ്ഞു. സർവകലാശാല നടത്തിയ ഐഡിയ പിച്ചിംഗ് മത്സരത്തിൽനിന്നും തിരഞ്ഞെടുത്ത 65 വിദ്യാർത്ഥികളാണ് സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിൽ പങ്കെടുത്തത്. നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മെൻറ്ററിങ്, സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിങ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു.

സർവകലാശാലയുടെ കീഴിലെ 142 കോളേജുകളിൽ നിന്ന് 65 വിദ്യാർത്ഥികളാണ് ബൂട്ട്ക്യാമ്പിൽ പങ്കെടുക്കുത്തത്. കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനൂപ് അംബിക, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ജേക്കബ്, പ്രൊഫ. ജി സഞ്ജീവ്, ആഷിക് ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*