
സര്‍ക്കാര്‍ പാനല്‍ തള്ളി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസ്സറും, മുന്‍ സയന്‍സ് ഡീനുമാണ് ഡോ. പി രവീന്ദ്രന്‍. സര്‍വകലാശാലയുടെ ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. ഡോ. എം കെ ജയരാജ് വിസി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച പട്ടിക തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം. സര്‍വ്വകലാശാല വിസി നിയമനങ്ങളില്‍ മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഇടപെടല്‍ പാടില്ല എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കേ സര്‍ക്കാര്‍ മൂന്ന് പ്രൊഫസര്‍മാരുടെ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല ഫിസിക്‌സ് പ്രൊഫസര്‍ ഡോ. പ്രബ്ദുമ്‌നന്‍, കേരള സര്‍വകലാശാല ഹിന്ദി പ്രൊഫസര്‍ ഡോ. ജയചന്ദ്രന്‍, ഇംഗ്ലീഷ് പ്രൊഫസര്‍ ഡോ. മീനാപ്പിള്ള എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ പാനല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, പ്രസ്തുത പാനല്‍ തള്ളി കൊണ്ടാണ് സീനിയര്‍ പ്രൊഫസറായ ഡോ. പി. രവീന്ദ്രന് ഗവര്‍ണര്‍ കാലിക്കറ്റ് വിസി യുടെ പൂര്‍ണ്ണ ചുമതല നല്‍കിയത്. ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസി യായി പുനര്‍ നിയമനം നല്‍കാനുള്ള മന്ത്രി ഡോ. ബിന്ദുവിന്റെ കത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതിനു പിന്നാലെയാണ് മന്ത്രി വീണ്ടും ഗവര്‍ണര്‍ക്ക് കത്ത് എഴുതിയത്. നേരത്തെ എംജി, സംസ്‌കൃത, മലയാളം, കണ്ണൂര്‍, സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ വി സിമാരുടെചുമതല നേരിട്ട് നല്‍കുകയായിരുന്നു.
Be the first to comment