ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും പേരുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നടപടി സ്വീകരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹൈക്കോടതി നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്ന് കരുതുന്നു. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. സ്ത്രീകളെ വിനോദോപാധി മാത്രമായി നോക്കിക്കാണുന്നതാണ് പ്രശ്‌നം. നിയമനടപടികള്‍ മാത്രം പോരാ, സമൂഹത്തിന്റെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നമ്മളത് മറന്നു കളയന്‍ പാടുള്ളതല്ല.

പൂര്‍ണമായ റിപ്പോര്‍ട്ട് ഹൈക്കോടതി ചോദിച്ച സാഹചര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കാനുള്ള ഏതു നടപടിയേയും പിന്തുണയ്ക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ എന്തൊക്കെ ചെയ്യാം എന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*