നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നീയമ ഭേദഗതി, കേരള ക്ഷീര കര്‍ഷക ക്ഷേമഫണ്ട്, സഹകരണ നിയമ ഭേദഗതി എന്നിവയാണ് ഗവര്‍ണര്‍ ഒപ്പുവെച്ച ബില്ലുകള്‍. ഇതോടെ രാജ്ഭവൻ്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിരിക്കുകയാണ്.
സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടത്. ബില്ലുകളില്‍ സമയബന്ധിതമായി ഒപ്പുവയ്ക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും നിരന്തരം ഏറ്റുമുട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഏഴു ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നിലപാടിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ലോകായുക്ത ബില്ലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2023 നവംബറില്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി നല്‍കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചില്ലെന്ന പ്രസ്താവന രാജ്ഭവന്‍ പുറത്ത് വിട്ടിരുന്നു. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ (സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയുന്ന ബില്‍) അടങ്ങുന്ന ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സര്‍വകലാശാല ഭേദഗതി ബില്‍ 2021 എന്നിവയായിരുന്നു രാഷ്ട്രപതി തടഞ്ഞുവെച്ചത്. എന്നാല്‍ നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു.
Be the first to comment