ഗവർണറുടെ ക്രിസ്മസ് വിരുന്ന്; ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും

തിരുവനന്തപുരം :  രാജ്ഭവനിൽ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. ഡിസംബർ 14 ന് ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. പതിനാലിന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്ന്. നാളെ വൈകീട്ട് ദില്ലിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. 

സംസ്ഥാന സർക്കാരും ഗവർണരും തമ്മിൽ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. കഴിഞ്ഞതവണ മതമേലധ്യക്ഷൻമാര്‍ക്ക് മാത്രമാണ് വിരുന്നിന് ക്ഷണമുണ്ടായിരുന്നത്. ഗവര്‍ണറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സര്‍വ്വകലാശാല ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ല് നിയമസഭ പരിഗണിക്കുകയാണ്. ബില്ല്  പാസാകുന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഗവര്‍ണര്‍ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചിട്ടുള്ളത്. 

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*