മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമടക്കം എതിരെ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി സിപിഎം. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍.
പി വി അന്‍വറിനെ കുറിച്ച് പണ്ട് മാധ്യമങ്ങടക്കം പറഞ്ഞത് എന്തൊക്കെയാണ് എന്നു ഒന്നുകൂടി പരിശോധിക്കണം. ഇപ്പോള്‍ ഒരുഅവസരം ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കായാണ് അന്‍വറിനെ ചിലര്‍ കൂട്ടുപിടിക്കുന്നതെന്നും ഗോവിന്ദന്‍. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളുമാണ് ഇതിന് പിന്നില്‍. ആ ഉദ്ദേശ്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.അക്രമരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് ഈ വിഷയത്തെ ഉപയോഗിക്കുന്നു. പോലീസിനെ നേരിടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഏതെങ്കിലും എ ഡി ജി പിയെ മുന്നില്‍ നിര്‍ത്തി ബിജെപിയുമായി ബന്ധമുണ്ടാക്കേണ്ട കാര്യം സിപിഎമ്മിനില്ല. കേരള സിപിഎമ്മിനെ അജന്‍ഡവച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതൃത്വമാണ് ആര്‍എസ്എസിന്റേത്. അത് ജനങ്ങള്‍ക്കറിയാം. സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടി ആര്‍ എസ് എസ് കണ്ണൂരില്‍ കൊന്നുതള്ളിയത് പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെയുള്ള ബീഡി തൊഴിലാളികളെയാണ്. ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടുഎന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ശുദ്ധകള്ളമാണ്.അങ്ങനെയൊരു പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കേണ്ട കാര്യം സിപി എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസിനെയും ബിജെപിയെയും സുരേഷ് ഗോപിയെയും ജയിപ്പിക്കാന്‍ കൂട്ടുനിന്നത് കോണ്‍ഗ്രസാണ്. അത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അതിനെ മറച്ചുപിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നിട്ടും അതിനെ ചില മാധ്യമങ്ങള്‍ ഒരുളുപ്പുമില്ലാതെ കൊട്ടിഘോഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Be the first to comment