ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി സർക്കാർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തുക ജോയിയുടെ കുടുംബത്തിന് കൈമാറിയത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട്ടിൽ ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കാൻ ഇറങ്ങിയത്. ഇതിനിടെ മഴ കനത്തതോടെ ജോയി പെട്ടെന്നുണ്ടായ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

കാണാതായതിനെ തുടർന്ന് നാവികസേനയുടെ വിദഗ്ധ സംഘവും സ്കൂബ ഡൈവർമാരടക്കം നിരവധി പേർ ചേർന്ന് നടത്തിയ 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തട്ടി തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Be the first to comment

Leave a Reply

Your email address will not be published.


*