കോഴ ആരോപണത്തിലും എഡിഎമ്മിന്‍റെ മരണത്തിലും സർക്കാർ നാടകം കളിക്കുന്നു; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: എന്‍സിപിയുടെ തോമസ് കെ തോമസിന് നേരെ ഉയർത്തിയ കോഴ ആരോപണത്തിലും എഡിഎമ്മിന്‍റെ മരണത്തിലും സർക്കാർ നാടകം കളിക്കുകയാണെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ആണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം. കോഴ ആരോപണത്തിൽ ഒരു പ്രസ്‌താവന നടത്തി മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്, ഈ ഭരണത്തിന് എന്തെങ്കിലും വിശ്വാസ്യത ഉണ്ടെങ്കിൽ, സർക്കാർ വിഷയത്തിൽ നടപടി എടുക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

മുൻ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ ദിവ്യക്കെതിരെ നടപടിയെടുക്കാത്തതിലും തിരുവഞ്ചൂർ സർക്കാരിനെ വിമർശിച്ചു. ‘നവീന്‍ ബാബു കുറ്റം ചെയ്‌തിട്ടില്ലെന്ന് വ്യക്തമായി. എന്നിട്ടും കുറ്റം ചെയ്‌ത വ്യക്തിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. പരസ്യ പ്രസ്‌താവന നടത്തിയത് കൊണ്ട് നിയമത്തിന്‍റെ വഴിയാകില്ല. പ്രതിയെ ഒളിവിൽ നിന്ന് പുറത്ത് കൊണ്ട് വരാൻ പാർട്ടി തയ്യാറാകണം. വിവാദങ്ങളിൽ സർക്കാർ നാടകം കളിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും തമ്മിൽ ഒരു പ്രശ്‌നവുമില്ല. പെട്ടെന്നുണ്ടായ അഭിപ്രായ പ്രകടനമാണ് സുധാകരന്‍റേത്. ചോദ്യത്തിന് മറുപടിയായി പെട്ടെന്ന് പറഞ്ഞതാകും. വിഷയം പാർട്ടിക്കുള്ളിൽ പറഞ്ഞു തീർക്കും. ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് നിലവിൽ പ്രധാനം. പുതിയ വിവാദങ്ങൾ ഉണ്ടാക്കി യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*