
ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് കൊളസ്‌ട്രോൾ. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കൊളസ്‌ട്രോൾ വർധിക്കാൻ കാരണമാകുന്നു. കോശങ്ങളുടെയും ഹോർമോണുകളുടെയും നിർമാണത്തിന് നിർണായക പങ്ക് വഹിക്കുന്ന മെഴുകുപോലുള്ള വസ്‌തുവാണ് കൊളസ്‌ട്രോൾ. എന്നാൽ ശരീരത്തിൽ കൊളസ്‌ട്രോൾ അളവ് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ചിട്ടയായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ കൊളസ്‌ട്രോൾ അളവ് ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. അത്തരത്തിൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ച നിറത്തിലുളള ഈ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചീര
നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ചീര. ഇത് കുടലിലെ കൊളസ്ട്രോൾ ആഗിരണവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും. ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും ചീര സഹായിക്കുമെന്ന് 2017 ൽ ജേണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കാലെ
കാലെയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്‍റെ ആഗിരണം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
ബ്രോക്കോളി
മൊത്തം കൊളസ്ട്രോളിന്‍റെയും എൽഡിഎൽ കൊളസ്ട്രോളിന്‍റെയും അളവ് കുറയ്ക്കാൻ ബ്രോക്കോളി പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ സഹായിക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ബ്രോക്കോളിയിൽ സൾഫോറാഫെയ്ൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കത്തിക്കാൻ സഹായിക്കുന്ന കരൾ എൻസൈമുകളെ സജീവമാക്കാൻ പ്രോത്സാഹിപ്പിക്കും.
അവോക്കാഡോ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്ന ഉറവിടമാണ് അവോക്കാഡോ. പതിവായി അവോക്കാഡോ കഴിക്കുന്ന ആളുകളിൽ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ ) അളവ് ഗണ്യമായി കുറയുന്നതായും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് വർധിക്കുന്നതായും 2015 ൽ ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ ഒരു പഠനം കണ്ടെത്തി.
ഗ്രീൻപീസ്
ഗ്രീൻ പീസിൽ ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്‍റെയും മൊത്തം കൊളസ്‌ട്രോളിന്‍റെയും അളവ് കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.
കക്കിരി
ഉയർന്ന അളവിൽ നാരുകളും ജലാംശവും അടങ്ങിയിട്ടുള്ള ഒന്നാണ് കക്കിരി. ഉയർന്ന കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ഗ്രീൻ ടീ
മൊത്തം കൊളസ്ട്രോളിന്‍റെയും എൽഡിഎൽ കൊളസ്ട്രോളിന്‍റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും കരളിലെ കൊഴുപ്പുകൾ തകർക്കാൻ കൂടുതൽ സഹായിക്കുകയും ചെയ്യും.
Be the first to comment