
ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്). ഇതിനുപുറമെ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതായും ഐഡിഎഫ് അറിയിച്ചു. ഇഗോസ്‍ യൂണിറ്റില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ നാല് സൈനികരും. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഐഡിഎഫ് സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Captain Eitan Itzhak Oster, Captain Harel Etinger, Captain Itai Ariel Giat, Sergeant First Class Noam Barzilay, Sergeant First Class Or Mantzur, Sergeant First Class Nazaar Itkin, Staff Sergeant Almken Terefe and Staff Sergeant Ido Broyer, all fell during combat against Hezbollah… pic.twitter.com/PYgTGyW8qZ
— Israel Defense Forces (@IDF) October 2, 2024
ലെബനൻ അതിർത്തി നഗരമായ മെറൂണ്‍ എല്‍ റാസില്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് ഇസ്രയേലിന്റെ മൂന്ന് മെർക്കാവ ടാങ്കറുകള്‍ തകർത്തതായി ഹിസ്ബുള്ള അറിയിച്ചു.
അതേസമയം, ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേലിന്റെ സൈനിക മേധാവി അറിയിച്ചു. “ഞങ്ങള്‍ പ്രതികരിക്കും. സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കാനും കൃത്യതയോടെയും ശക്തിയോടെയും തിരിച്ചടിക്കാനും ഞങ്ങള്‍ക്ക് കഴിയും,” ജെനറല്‍ സ്റ്റാഫ് ഹെർസി ഹലെവി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ എല്ലാ മേഖലകളിലും ആക്രമണം നടത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെ്. ഇത് മനസിലാക്കാൻ ശത്രുക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉടൻ മനസിലാക്കുമെന്നും ഹലെവി പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി യുഎൻ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം ചേരുകയാണ്. മിഡില്‍ ഈസ്റ്റൊരു നരകമായി മാറുകയാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്റൊണിയോ ഗുട്ടറസ് നിരീക്ഷിച്ചു. കഴിഞ്ഞ വാരം മുതല്‍ കാര്യങ്ങള്‍ രൂക്ഷമാകുകയാണ്, ഇപ്പോള്‍ മോശം സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും ഗുട്ടറസ് പറഞ്ഞു. താത്ക്കാലിക വെടിനിർത്തലിന് നിർദേശിച്ചിരുന്നെന്നും എന്നാല്‍ ഇസ്രയേല്‍ അനുകൂലമായ നിലപാട് സ്വീകരിക്കാൻ തയാറാകാതെ ആക്രമണത്തിലേക്ക് കടക്കുകയായിരുന്നെന്നും ഗുട്ടറസ് കൂട്ടിച്ചേർത്തു.
Be the first to comment