ഗാന്ധിനഗർ: ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവർത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിൻ്റെ മുൻകൂർ അനുമതി വേണമെന്നും വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. ഇതു സംബന്ധിച്ച സർക്കുലർ ഏപ്രില്‍ എട്ടിന് സർക്കാർ പുറത്തിറക്കി. ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകള്‍ നിയമപ്രകാരം പരിഗണിക്കുന്നില്ലെന്നത് സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഡെപ്യൂട്ടി സെക്രട്ടറിയായ വിജയ് ബത്തേക്ക സര്‍ക്കുലര്‍ ഒപ്പുവെച്ചു.
‘ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള അനുമതി തേടിയുള്ള അപേക്ഷകളിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്ന സാഹചര്യങ്ങളില്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ബുദ്ധ, സിഖ്, ജൈന തുടങ്ങിയ മതങ്ങള്‍ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകന്‍ ആവശ്യമില്ലെന്ന് വരുമ്പോള്‍ ബന്ധപ്പെട്ട ഓഫീസുകള്‍ അത്തരം അപേക്ഷകള്‍ തീര്‍പ്പാക്കി നല്‍കും’ സര്‍ക്കുലറില്‍ പറയുന്നു.
Be the first to comment