ഗുരുവായൂരപ്പന്‍റെ ഥാർ ഇനി വിഘ്നേഷ് വിജയകുമാറിന് സ്വന്തം

തൃശ്ശൂർ: മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് ഇനി പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറിന് സ്വന്തം. 43 ലക്ഷം രൂപയും അഞ്ച് ലക്ഷത്തോളം ജിഎസ്‍ടിയും നൽകിയാണ് വിഘ്നേഷ് വിജയകുമാർ ഥാർ ലേലം കൊണ്ടത്. അടിസ്ഥാനവിലയുടെ മൂന്നിരട്ടി തുകയ്ക്കാണ് ഥാർ ലേലത്തിൽ പോയത്.

വിഘ്നേഷും മകൻ അനൂപും ചേർന്നാണ് ദേവസ്വം സംഘടിപ്പിച്ച പുനർലേലത്തിന് എത്തിയത്. ക്ഷേത്രത്തിന്‍റെ തെക്കേനടപ്പന്തലിൽ വച്ചായിരുന്നു ലേലം. 15 ലക്ഷം രൂപ അടിസ്ഥാനത്തുകയായിരുന്ന ഥാർ ജീപ്പിനായി ലേലം വിളിക്കാൻ 14 പേരാണ് എത്തിയത്. ജീപ്പ് ആദ്യം ലേലം കൊണ്ട ഖത്തർ വ്യവസായി അമൽ മുഹമ്മദ് അലി ആദ്യം ലേലത്തിൽ പങ്കെടുക്കാൻ പേര് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു. 

ആവേശകരമായ ലേലമാണ് ഗുരുവായൂർ തെക്കേനടപ്പന്തലിൽ നടന്നത്. 14 പേരും ആവേശപൂർവം ലേലത്തിൽ പങ്കെടുത്തപ്പോൾ ഇരുപത് ലക്ഷത്തിലേക്ക് വളരെ ഉടൻ തന്നെ ലേലത്തുകയെത്തി. ഇരുപത് ലക്ഷത്തിന് ശേഷം ആവേശം കൊടുമുടിയിലെത്തി. പിന്നീട് ഇരുപത്തിരണ്ട് ലക്ഷം, ഇരുപത്തിമൂന്ന് ലക്ഷം , അങ്ങനെ തുക ഉയർന്നുയർന്ന് നാൽപ്പത് ലക്ഷത്തിലെത്തി. പിന്നീട് മഞ്ജുഷ എന്ന യുവതി നാൽപ്പത്തി രണ്ട് ലക്ഷം വിളിച്ചു. ഇതിന് ശേഷമാണ് വിഘ്നേഷ് വിജയകുമാർ നാൽപ്പത്തിമൂന്ന് ലക്ഷം വിളിച്ചത്. ഈ തുകയ്ക്ക് മുകളിലേക്ക് ആരും വിളിക്കാതിരുന്നതോടെ മൂന്ന് തരം വിളിച്ച് ലേലം ഉറപ്പിക്കുകയായിരുന്നു.

”എത്ര തുക വേണമെങ്കിലും വിളിക്കാൻ തയ്യാറായാണ് വന്നത്. നാൽപ്പത് ലക്ഷമെങ്കിൽ നാൽപ്പത് ലക്ഷം. ദൈവത്തിന് വിലയിടാനാകില്ല. അതിനാൽത്തന്നെ എത്ര തുക വേണമെങ്കിലും നൽകി ഥാർ ലേലം കൊള്ളാൻ തയ്യാറായിരുന്നു. ഈ ഥാർ എന്‍റെ അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു. അവർ വലിയ ഗുരുവായൂരപ്പ ഭക്തരായിരുന്നു. അതിനാൽത്തന്നെ ഈ വാഹനം അവർക്ക് വേണ്ടിയുള്ളതാണ്”, ലേലത്തിൽ വിജയിച്ച പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. 

നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ഏറ്റവുമാദ്യം ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്‍റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അധികം അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. ഗുരുവായൂരപ്പന്‍റെ ഥാറിന്‍റെ ലേലത്തുക കുറഞ്ഞ് പോയി എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. ഇരുകൂട്ടരേയും കേട്ട ശേഷമാണ് ഥാർ വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.

ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് നിരത ദ്രവ്യം അടച്ചാല്‍ മതിയായിരുന്നു. ഇത് അടച്ച് 14 പേരാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. നാൽപതിനായിരം രൂപയാണ് നിരതദ്രവ്യം. ലേലം കൊണ്ടയാൾ അടുത്ത ദിവസം പകുതി സംഖ്യ അടക്കണം. ബാക്കി സംഖ്യ ഭരണ സമിതി അംഗീകാരത്തിനു ശേഷം അറിയിപ്പ് ലഭിച്ച് 3 ദിവസത്തിനകം അടക്കണം. 

ലേലം അംഗീകരിച്ചു കൊണ്ടുള്ള ഭരണസമിതി തീരുമാനം ലഭിക്കുന്ന മുറയ്ക്ക് വാഹനരേഖകൾ കൈമാറും. ഉടമസ്ഥാവകാശം മാറ്റിയ വിവരം രേഖാമൂലം അറിയിച്ചാൽ വാഹനം കൊണ്ടുപോകാവുന്നതുമാണ്. ലേലം നീട്ടിവെക്കാനും റദ്ദാക്കാനുമുള്ള അധികാരം ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തമായിരിക്കുമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*