സംസ്ഥാനത്ത് വീണ്ടും എച്ച്‌1എൻ1; മലപ്പുറത്ത് ഒരാൾക്ക് രോഗബാധ

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എച്ച്‌1എൻ1 രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് ഒരാൾക്ക് രോഗബാധ കണ്ടെത്തിയത്. നേരത്തെ സമീപ പ്രദേശത്തെ ഒരാൾക്ക് രോഗബാധ കണ്ടെത്തിയിരുന്നു.

ഇദ്ദേഹം കോഴിക്കോട് സ്വകാര‍്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. അതേസമയം നിലവിൽ രോഗബാധ കണ്ടെത്തിയയാൾ നിലമ്പൂർ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി മണിമൂളി, മൊടപ്പൊയ്‌ക, മാമാങ്കര ഹെല്‍ത്ത് സെന്‍ററുകളെ ഏകോപിപ്പിച്ച്‌ ആരോഗ‍്യ വകുപ്പും ആശ വർക്കർമാരും അടങ്ങുന്ന സംയുക്ത ടീം വ‍്യാഴാഴ്‌ച ഫീല്‍ഡ് വർക്ക് നടത്തും.

രോഗബാധിതർക്ക് നിലവില്‍ ആരോഗ‍്യപ്രശ്‌നങ്ങളില്ല. പടരുന്ന രോഗമായതിനാലാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നത്. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടാൽ നിസാരമായി എടുക്കാതെ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വൈദ്യ സഹായം തേടണമെന്ന് ആരോഗ‍്യ വകുപ്പ് അധികൃതർ അറിച്ചു.

എന്താണ് എച്ച്1എൻ 1?

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണിത്. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാൻ കഴിയും. ഇന്‍ഫ്ലുവെന്‍സ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് ഈ രോഗത്തിന് കാരണം. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്.

രോഗ ലക്ഷണങ്ങള്‍: പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് പൊതുവെ കണ്ടുവരുന്ന രോഗ ലക്ഷണങ്ങള്‍. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍, ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്.

ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്‍റെ സങ്കീര്‍ണതകള്‍. ഗർഭിണികള്‍, പ്രായമായവർ, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവർ രോഗ ലക്ഷണം കണ്ടാൽ കൂടുതല്‍ ശ്രദ്ധ നൽകണം. ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതുകൊണ്ടാണ് പലപ്പോഴും അപകടാവസ്ഥയില്‍ എത്തുന്നത്.

ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസല്‍ട്ടാമവീർ എന്ന മരുന്നും ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാല്‍ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങളും കഴിക്കണം. കൂടാതെ പൂർണമായ വിശ്രമവും ആവശ്യമാണ്. പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് നന്നായി മറക്കണം .

Be the first to comment

Leave a Reply

Your email address will not be published.


*