ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന എഐ ഫീച്ചര്‍ പ്രഖ്യാപിച്ച് യുട്യൂബ്. ‘തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ഉപയോക്താക്കളെ സഹായിക്കാന്‍ പുതിയ ട്രബിള്‍ഷൂട്ടിങ് ടൂള്‍ യുട്യൂബ് ആരംഭിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,’ യുട്യൂബ് ഒരു ഗൂഗിള്‍ സപ്പോര്‍ട്ട് പേജില്‍ പറഞ്ഞു.
യുട്യൂബ് സപ്പോര്‍ട്ട് സെന്റര്‍ വഴിയാണ് എഐ ചാറ്റ് ബോട്ട് ഉപേയാഗിക്കാന്‍ കഴിയുക. നിലവില്‍, ചാറ്റ്‌ബോട്ട് അസിസ്റ്റന്റ് ഇംഗ്ലീഷില്‍ മാത്രമേ ലഭ്യമാകൂ, ടൂളിനുള്ളിലെ ചില ട്രബിള്‍ഷൂട്ടിങ് ഫീച്ചറുകള്‍ ചില ക്രിയേറ്റേഴ്‌സിന് മാത്രമേ ലഭ്യമാകൂ. ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ടൂള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് എക്‌സിലെ ടീം യുട്യൂബ് എന്ന അക്കൗണ്ടുമായി ബന്ധപ്പെടാം.
വിവിധ കാരണങ്ങളാല്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയോ ഹൈജാക്ക് ചെയ്യപ്പെടുകയോ ചെയ്‌തേക്കാമെന്ന് ഗൂഗിള്‍ പറയുന്നു. ഈ കാരണങ്ങളില്‍ ഹാനികരമായ ഉള്ളടക്കവും കബളിപ്പിക്കുന്ന തരത്തിലുള്ള ഇമെയിലുകളും ഉള്‍പ്പെടുന്നു. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാന്‍, ഉപയോക്താക്കള്‍ അവരുടെ ഇമെയില്‍ വിലാസവും പാസ്‌വേഡ് വിവരങ്ങളും മറ്റുള്ളവരുമായി പങ്കിടരുതെന്നും വിശ്വാസമില്ലാത്ത ഉറവിടത്തില്‍ നിന്ന് ഫയലുകളോ സോഫ്റ്റ് വെയര്‍ഡൗണ്‍ലോഡ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
നേരത്തെ, ഹാക്ക് ചെയ്യപ്പെട്ട യുട്യൂബ് ചാനല്‍ വീണ്ടെടുക്കുന്നതിന് ബന്ധപ്പെട്ട ഗൂഗിള്‍ അക്കൗണ്ട് ആദ്യം വീണ്ടെടുക്കേണ്ടിയിരുന്നു. പുതിയ എഐ ടൂള്‍ വന്നതോടെ ഗൂഗിള്‍ ഈ പ്രക്രിയ കാര്യക്ഷമമാക്കി.
Be the first to comment