ആർബിഐ യിൽ കള്ളനോട്ടു കൈമാറ്റം ചെയ്യാൻ ശ്രമം; മലയാളികളടക്കം അഞ്ച് പേർ കർണാടക പോലീസിന്‍റെ പിടിയിൽ

ബെംഗളൂരു: 2000 രൂപയുടെ വ്യാജ നോട്ടുകൾ അച്ചടിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികളെ ഹലാസുരു ഗേറ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തു. മലയാളികളായ നൂറുദ്ദീൻ ഏലിയാസ് അൻവർ (34), പ്രിയേഷ് (34), മുഹമ്മദ് അഫ്‌നാസ് (34) ബല്ലാരി ജില്ലയിലെ സിരിഗുപ്പ താലൂക്കിലെ സിരിഗെരെ സ്വദേശി എ കെ അഫ്‌സൽ ഹുസൈൻ (29), പോണ്ടിച്ചേരി സ്വദേശി പ്രസീത് (47), എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളിൽ നിന്ന് 52.40 ലക്ഷം രൂപയുടെ 2000 ത്തിന്‍റെ വ്യാജ നോട്ടുകളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ബല്ലാരി സ്വദേശിയായ അഫ്‌സൽ ഹുസൈൻ സെപ്റ്റംബർ ഒമ്പതിന് ബെംഗളൂരു നൃപതുംഗ റോഡിലുള്ള റിസർവ് ബാങ്ക് ബ്രാഞ്ചിൽ എത്തിയാണ് കള്ളനോട്ടുകൾ കൈമാറ്റം ചെയ്യാൻ ശ്രമിച്ചത്. 24.68 ലക്ഷം രൂപയുടെ 2000 ത്തിന്‍റെ വ്യാജ നോട്ടുകൾ 500 രൂപാ നോട്ടുകളാക്കി മാറ്റാനായിരുന്നു ശ്രമം. എന്നാൽ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ 2000 ത്തിന്‍റെ നോട്ടുകൾ വ്യാജമാണെന്ന് വ്യക്തമായി.

ഇത് സംബന്ധിച്ച് ആർബിഐ ബാങ്ക് അസിസ്‌റ്റന്‍റ് ജനറൽ മാനേജർ ഭീം ചൗധരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതി അഫ്‌സൽ ഹുസൈനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് കള്ളനോട്ട് കച്ചവടത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. അഫ്‌സൽ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നടന്ന ഓപ്പറേഷനിൽ ബാക്കിയുള്ള നാല് പ്രതികളെ കൂടി പിടികൂടി. ബാങ്കിൽ കൈമാറാൻ ശ്രമിച്ചതിന് പുറമെ 27.72 ലക്ഷം രൂപ വിലമതിക്കുന്ന 2000 രൂപയുടെ കള്ളനോട്ടുകള്‍ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

പ്രതി അഫ്‌സൽ ഹുസൈൻ ബല്ലാരിയിൽ ഗ്രാനൈറ്റ് വ്യാപാരം നടത്തി വരികയാണ്. കേരളത്തിൽ നിന്നുള്ള പ്രതി നൂറുദ്ദീന്‍, ഗ്രാനൈറ്റ് ബിസിനസിൽ അഫ്‌സൽ ഹുസൈന് 25 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ഈ പണം നൽകാൻ അഫ്‌സൽ ആവശ്യപ്പെട്ടപ്പോൾ തൻ്റെ പക്കൽ 500 രൂപ നോട്ടുകളില്ലെന്നും 2000 രൂപ നോട്ടുകളാണെന്നും നൂറുദ്ദീൻ പറഞ്ഞു. 500 രൂപ നോട്ടുകൾ മാറ്റി നൽകാൻ ഇയാൾ അഫ്‌സലിനോട് ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.

മറ്റൊരു പ്രതി പ്രിയേഷ് കഴിഞ്ഞ 20 വർഷമായി കേരളത്തിലെ ചെർക്കളയിൽ കള്ളനോട്ട് അച്ചടിച്ച് വരുന്നതായി പോലീസ് പറഞ്ഞു. പ്രതി കോഴിക്കോട്ട് നിന്ന് പ്രത്യേക കടലാസും നോട്ട് നിർമ്മാണ സാമഗ്രികളും കൊണ്ടുവന്ന് സ്വന്തം പ്രിൻ്റിംഗ് പ്രസിൽ 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ച് പ്രതി നൂറുദ്ദീന് പ്രചാരത്തിനായി നൽകി. നൂറുദ്ദീൻ മറ്റ് പ്രതികൾക്കൊപ്പം ഈ കള്ളനോട്ട് പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞതായും പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*